സി. കേശവന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്കപ്പുറം വളര്‍ന്ന വ്യക്തിത്വം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനങ്ങള്‍ക്കപ്പുറം വളര്‍ന്ന വ്യക്തിത്വമായിരുന്നു സി. കേശവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും സി. കേശവന് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സി. കേശവന് 125ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു സി. കേശവന്റെ ജീവിതത്തെ തിരുകൊച്ചി മുന്‍മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രം വായിക്കാനാവില്ല. സി. കേശവനെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് യോജിക്കേണ്ടതും വിയോജിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. വിയോജിക്കേണ്ടതിനേക്കാള് യോജിക്കേണ്ടതായ മേഖലകളാണ് ഏറെ. ജനാധിപത്യ, സ്വാതന്ത്ര്യവിഷയങ്ങളില് സി. കേശവനെപ്പോലെ ശക്തമായ നിലപാടെടുക്കുന്നവര്‍ അപൂര്‍വമാണ്. തൊഴിലാളിപ്രസ്ഥാനത്തോട് എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മകഥയായ 'ജീവിതസമരം' പുതിയ തലമുറ വായിക്കുന്നത് കേരളം കടന്നുവന്ന വഴികള്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാലത്തിനുമുമ്പേ നടന്ന മഹാനായ നേതാവാണ് സി. കേശവനെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. 'സി. കേശവന് കോട്ടയം ലോക്കപ്പില്‍' എന്ന പുസ്തകം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കി മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്ത നേതാവെന്ന നിലയിലാണ് സി. കേശവന് ഓര്‍മിക്കപ്പെടുകയെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ സംബന്ധിച്ചു. സി. കേശവന്റെ സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സെമിനാറും ഫോട്ടോ പ്രദര്‍ശനവും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."