കടല്‍ഭിത്തി നിര്‍മാണം: ലീഗ് തുറന്ന സമരത്തിലേക്ക്
വടകര: വടകരയില്‍ ശക്തമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സമരം ശക്തമാക്കുന്നു. കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വടകര ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി, ആവിക്കല്‍, കുരിയാടി പ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. നിര്‍മാണം നടത്താതെ ഒഴിച്ചിട്ട ഭാഗങ്ങളിലും കടലാക്രണം ശക്തമായി നിലനില്ക്കുന്നു.കടല്‍ഭിത്തി നിര്‍മിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് മുസ്ലിംലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച 10 ന് മാര്‍ച്ച് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉമ്മര്‍ ഒട്ടുമ്മല്‍, വി.വി മുഹമ്മദലി സംസാരിക്കും.
താഴെ അങ്ങാടിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും മുസ്ലിംലീഗ് നേതാക്കള്‍ അറിയിച്ചു. സമരസമിതി ചെയര്‍ പ്രൊഫ കെ.കെ മഹമൂദ്, ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റി സെക്രട്ടറി ടി.ഐ നാസര്‍, സമര സമിതി കണ്‍വീനല്‍ പി.കെ ജലാല്‍, എം. ഫൈസല്‍, വി.കെ അസീസ് മാസ്റ്റര്‍, ഹാഷിം പി.വി, അക്ബര്‍ കെ.സി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."