താനൂരില്‍ കലാപമുണ്ടാക്കാന്‍ സി.പി.എം- പൊലിസ് ശ്രമമെന്ന് മുസ്‌ലിംലീഗ്
മലപ്പുറം: താനൂരിലെ ചാപ്പപ്പടി, പണ്ടാരക്കടപ്പുറം ഭാഗങ്ങളിലും മറ്റു തീരപ്രദേശങ്ങളിലും പൊലിസും സി.പി.എമ്മും അക്രമം നടത്തുന്നെന്നു മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി. താനൂര്‍ എം.എല്‍.എയും സി.പി.എം ഏരിയാ സെക്രട്ടറിയും പ്രദേശം സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെ നടന്ന അക്രമങ്ങള്‍ സി.പി.എമ്മിന്റെ അറിവോടെയാണെന്നും ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സി.പി.എം ഗുണ്ടകളും പൊലിസും ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയുമാണ്. താനൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് ജയിച്ചതു മുതല്‍ ഇതാണ് അവസ്ഥയെന്നും വീടുകള്‍ക്കകത്തേക്കു പെട്രോള്‍ ബോംബെറിഞ്ഞും വീടുകള്‍ കത്തിച്ചും സി.പി.എം ഒരു ഭാഗത്തു ജനങ്ങളെ ഭയപ്പെടുത്തുമ്പോള്‍ മറുഭാഗത്തു പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചും മര്‍ദിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തിയും പൊലിസും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളും സുരക്ഷിത സ്ഥലങ്ങളിലേക്കു പലായനം ചെയ്യുന്ന കാഴ്ചയാണ് താനൂരില്‍ കാണുന്നത്. എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും മൗനാനുവാദത്തോടെ നടക്കുന്ന തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും പൊലിസ് മേധാവികളും മുന്നോട്ടുവരണമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."