തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷം ഭീതിയില്‍നിന്ന് മുക്തരാകാതെ കുടുംബങ്ങള്‍
തിരൂര്‍: തീരദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ക്കും സമാധാന ധ്വംസനത്തിനും ഇടയാക്കിയ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ നിരവധി കുടുംബങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ദീതിയില്‍ നിന്നും പ്രദേശവാസികള്‍ ഇനിയും മോചിതരായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പലര്‍ക്കും പണവും വസ്ത്രങ്ങളും തൊഴില്‍ ഉപകരണങ്ങളും ജിവിത മാര്‍ഗമായ വാഹനങ്ങളുമാണ് നഷ്ടമായത്. ഭീതിയുടെ നിഴലില്‍ ബന്ധുവീടുകളിലും വാടക വീടുകളിലും കഴിയുകയാണ് പല കുടുംബങ്ങളും. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് താനൂര്‍ ചാപ്പപ്പടി, കോര്‍മ്മാന്‍ കടപ്പുറം മേഖലകളില്‍ സംഘര്‍ഷമുണ്ടായത്. തീരദേശത്ത് മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു ഇതും. സംഘര്‍ഷത്തിന് പുറമെയുള്ള പൊലിസ് നടപടി ഉണ്ടാക്കിയ ആഘാതവും കടലിന്റെ മക്കളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് ചാപ്പപ്പടി മേഖലകളില്‍ സംഘര്‍ഷം തുടങ്ങുന്നത്. പിന്നീട് പലപ്പോഴായി ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് പൊലിസ് ഇടപെട്ട് സമാധാന ശ്രമം നടത്തിയത്. എന്നാല്‍ രാഷ്ട്രീയ നേതൃത്വം മുന്‍കൈയെടുത്ത് ഇതുവരെയും ഒരു സമാധാന ശ്രമവും നടത്തിയില്ലെന്നും ശ്രദ്ധേയമാണ്. സംഘര്‍ഷ സമയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തവണയും ആവര്‍ത്തിച്ചു.
ശക്തവും സുതാര്യവുമായ നടപടി പൊലിസിന്റെ ഭാഗത്തു നിന്നു ഉണ്ടായതുമില്ല. ഓരോ ഭരണകാലത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലിസ് തീരദേശത്ത് ശാശ്വത സമാധാനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കാര്യക്ഷമമായി ഇടപെടുമെന്ന് ഇനിയും കരുതാനാകില്ല. അതുകൊണ്ട് തന്നെ തീരദേശത്തുള്ളവരുടെ ജീവിതവും പതിവു പോലെ അരക്ഷിതമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."