ജപ്തി തടയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് വീട്ടമ്മയുടെ പരാതി
കൊച്ചി: ബന്ധുവിന് വായ്പ എടുക്കുന്നതിന് ജാമ്യം നിന്ന് ഒടുവില്‍ ബാങ്കിന്റെ വഴിവിട്ട ലേല നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു മുന്‍പില്‍ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ പ്രീതാ ഷാജിക്കും കുടുംബത്തിനും വീണ്ടും ബാങ്കിന്റെ ജപ്തി നോട്ടിസ്.
മരണം വരെ നിരാഹാര സമരവുമായി മുന്നോട്ടുപോയിരുന്ന പ്രീതാ ഷാജിയുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെയും ജപ്തി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ജപ്തി തടഞ്ഞുകൊണ്ട് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പൊലിസ് സഹായത്തോടെ നാളെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഡെബിറ്റ് റിക്കവറി ട്രിബ്യൂണല്‍ അഡ്വക്കറ്റ് കമ്മിഷനര്‍ നോട്ടിസ് നല്‍കിയിരിക്കുകയാണെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹപര്യത്തില്‍ ബാങ്കിന്റെ കുടിയിറക്ക് ഭീഷണിക്കെതിരേ ചീഫ്ജസ്റ്റിസിന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
'നീതിക്കൊപ്പം..പ്രീതാ ഷാജിക്കൊപ്പം' എന്ന മുദ്രാവാക്യവുമായി ഇന്ന് വൈകുന്നേരം മുതല്‍ 48 മണിക്കൂര്‍ പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇടപ്പള്ളി മാനത്തുംപാടത്ത് ഇന്ന് വൈകുന്നേരം 5ന് ഡോ. പി. ഗീത പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്യും. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദന്‍, പ്രൊഫ. സാറാ ജോസഫ് തുടങ്ങിയവരും സമരപന്തലില്‍ എത്തുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, മാനത്തുംപാടം പാര്‍പ്പിട സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ മാനുവല്‍, ഷൈജു കണ്ണന്‍, വി.സി ജെന്നി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."