പോക്‌സോ; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന്
കല്‍പ്പറ്റ: ജില്ലയില്‍ ആദിവാസി ഗോത്രാചാര പ്രകാരം വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത യുവാക്കളെ ജയിലില്‍ നിന്നു വിട്ടയക്കണമെന്ന് ഊര് എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ കെ അമ്മിണി, വിനീത് റാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി ഋതുമതിയായാല്‍ എപ്പോള്‍ വേണമെങ്കിലും വിവാഹം നടത്താമെന്നതാണ് ആദിവാസി സംസ്‌കാരവും പാരമ്പര്യവും. എന്നാല്‍, ശൈശവ വിവാഹ നിരോധന നിയമം, 2012ല്‍ നിലവില്‍ വന്ന പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് എന്നീ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ആചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ ജയിലിലടക്കുകയാണ്.
ആദിവാസി ഗോത്രാചാര പ്രകാരം വിവാഹം കഴിച്ച് സമാധാനപരമായി കുടുംബ ജീവിതം നയിച്ചിരുന്ന യുവാക്കളായ നിരവധി പേരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. വയനാട്ടിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകത്തിന്റെ ശ്രമഫലമായാണ് ഇത്രയധികം ആദിവാസി യുവാക്കളെ ശിക്ഷിച്ച് ജയിലിലടച്ചത്. കൊട്ടിയൂരില്‍ ഫാ.റോബിന്‍ വടക്കന്‍ചേരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതുമായി ബന്ധപ്പെട്ട് വയനാട്ടിലെ സി.ഡബ്ല്യു.സി ചെയര്‍മാനടക്കം 10 പ്രതികളുണ്ടായിട്ടും ഫാ. റോബിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളവര്‍ക്ക് നേരെ യാതൊരു നടപടിയുമില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിന് പൊലിസ് സൗകര്യവും സാവകാശവും ചെയ്തു കൊടുത്തുവെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പാവപ്പെട്ട ആദിവാസി യുവാക്കളില്‍ വിവാഹം കഴിച്ച് ജീവിക്കുന്നവരെ പോസ്‌കോ നിയമമനുസരിച്ച് തട്ടിക്കൊണ്ട് പോവല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തി ദീര്‍ഘകാലത്തെ തടവു ശിക്ഷ വാങ്ങി നല്‍കിയവര്‍ യഥാര്‍ഥത്തിലുള്ള പോസ്‌കോ പ്രകാരമുള്ള കുറ്റം ചെയ്തിട്ടും യാതൊരു പ്രശ്‌നവുമില്ലാതെ നടക്കുന്നു.
ഈ പ്രശ്‌നത്തെ പൊതുസമൂഹവും മാധ്യമങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവമായി കാണണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആദിവാസിയുവാക്കള്‍ക്ക് പോസ്‌കോ നിയമപ്രകാരം ശിക്ഷ ലഭിച്ചിട്ടുള്ള കേസുകള്‍ പുനപ്പരിശോധിക്കുക, സി.ഡബ്ല്യു.സി ചെയര്‍മാനായിട്ടുള്ള ഫാ. തോമസ് തേരകത്തെയും കൂട്ടാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പോസ്‌കോ നിയമത്തെ സംബന്ധിച്ച് ആദിവാസി മേഖലയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, ജയിലില്‍ കഴിയുന്ന മുഴുവന്‍ ആദിവാസി യുവാക്കളെയും വിട്ടയക്കുക, പോസ്‌കോയുമായി ബന്ധപ്പെട്ട കേസുകള്‍ ബാലാവകാശ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."