രാഷ്ട്രീയ കുതിരക്കച്ചവടത്തിലും ബി.ജെ.പി മുന്നില്‍
നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി യു.പിയില്‍ ബി.ജെ.പി നേടിയ വിജയം അത്ഭുതാവഹം തന്നെയായിരുന്നു. യു.പിയിലെ ഓരോ ഘട്ട തെരഞ്ഞെടുപ്പിനനുസൃതമായ തന്ത്രങ്ങള്‍ മെനഞ്ഞ് അവര്‍ ഭരണം പിടിച്ചെടുത്തു. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഹിന്ദുക്കളുടെ വോട്ടു നേടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ മഹിമ പോലും വിസ്മരിച്ച് മുസ്‌ലിംകളുടെ ഖബര്‍സ്ഥാന്‍ വിഷയം ചര്‍ച്ചയാക്കി. അപ്രതീക്ഷിതമായ ഈ വിജയത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു തുടര്‍ന്ന് മണിപ്പൂരിലും ഗോവയിലും ബി.ജെ.പി നടത്തിയ കുതിരക്കച്ചവടം. തന്ത്രങ്ങളില്‍ മാത്രമല്ല, കുതിരക്കച്ചവടത്തിലും തങ്ങള്‍ തന്നെയാണ് മുന്നിലെന്ന് ഇതുവഴി അവര്‍ തെളിയിച്ചു. ഇതിന്റെ ഫലമായി മനോഹര്‍ പരീക്കര്‍ ഗോവയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. മണിപ്പൂരില്‍ എന്‍.ബീരേന്‍സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.പിയും ഉത്തരാഖണ്ഡും ഒഴികെയുള്ള പഞ്ചാബും ഗോവയും മണിപ്പൂരും ബി.ജെ.പിയെ കൈവിട്ടിട്ടും മണിപ്പൂരിനെയും ഗോവയെയും കൈവിടാന്‍ ബി.ജെ.പി തയ്യാറായില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ ആധിപത്യം ഉറപ്പിക്കുവാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെയായിരുന്നു ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുണ്ടാക്കുവാന്‍ ക്ഷണിക്കേണ്ടിയിരുന്നത്. ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കേണ്ട ഗവര്‍ണര്‍മാര്‍ അതുമറന്ന് ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു. ജനവിധിയെ അട്ടിമറിക്കുന്നതിന് ഗവര്‍ണര്‍മാരും കൂട്ടുനില്‍ക്കുന്നതാണ് മണിപ്പൂരിലും ഗോവയിലും കണ്ടത്. ഇത് ഇന്ത്യന്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നതാണ്.
യു.പിയില്‍ മാസങ്ങള്‍ക്കു മുമ്പെ അമിത്ഷായുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും ഒരേ കുപ്പായമിട്ടു ഇരട്ടകളെ പോലെ റോഡ് ഷോകളില്‍ അഭിരമിക്കുകയായിരുന്നു. രാഹുല്‍ഗാന്ധിയായിരുന്നു യു.പിയില്‍ കുറേ മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നാന്ദി കുറിച്ചത്. പിന്നീട് എന്തോ കോണ്‍ഗ്രസ് പിന്നാക്കം പോയി. കോണ്‍ഗ്രസിന്റെ മൂലധനമായിരുന്ന ഗാന്ധി കുടുംബത്തോടുള്ള വികാരം ഇന്ത്യന്‍ ജനതയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യവും യു.പി തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടു. പ്രിയങ്കാ ഗാന്ധിക്ക് യു.പിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഒരു ദിവസം 150 രൂപ ദിവസക്കൂലി കിട്ടുന്ന ഒരു തൊഴിലാളിക്ക് 1000 രൂപ റദ്ദാക്കിയത് വലിയ കാര്യമായിരുന്നില്ലെന്ന് മനസ്സിലാക്കാന്‍ ബി.ജെ.പി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യു.പിയില്‍ കഴിഞ്ഞില്ല. ഈ നിലക്ക് നേടിയ വിജയത്തിന്റെ മേന്മ കളഞ്ഞുകുളിക്കുന്നതായിരുന്നു മണിപ്പൂരിലും ഗോവയിലും ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും പണം നല്‍കിയും എം.എല്‍.എ മാരെ സ്വാധീനിക്കുവാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെയും ബി.ജെ.പി രംഗത്ത് ഇറക്കിയത് സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അന്ത്യത്തിനാണ് നാന്ദി കുറിച്ചിരിക്കുന്നത്.
പതിവുപോലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്നതിനെ ചൊല്ലി പാര്‍ട്ടി ഓഫിസില്‍ കലഹം തുടങ്ങിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ മഹാരാഷ്ട്രാ ഗോമന്തക് പാര്‍ട്ടിയിലെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെയും എന്‍.സി.പി സ്വതന്ത്രനെയും മറ്റു മൂന്ന് സ്വതന്ത്രരെയും വലവീശിപ്പിടിക്കുന്ന തിരക്കിലായിരുന്നു. പതിനഞ്ച് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനോട് ഗവര്‍ണര്‍ മൃദുല സിന്‍ഹ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. വിശ്വാസ വോട്ടു തേടണമെന്ന് സുപ്രിംകോടതിയും ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പു വേളയില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കെതിരേ ശക്തമായ പ്രചാരണം നടത്തിയ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് പാര്‍ട്ടിയും ബി.ജെ.പിയുടെ കളിപ്പാവകളാണിപ്പോള്‍.
ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ലയുടെ അകമഴിഞ്ഞ സഹായവും ഇവിടെ ബി.ജെ.പിക്കുണ്ട്. ഭരണഘടനയുടെ കാവലാളാകേണ്ട ഗവര്‍ണര്‍മാര്‍ അതിനെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയമാണ്. താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് ദരിദ്രന്റെയും കൂലിതൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞു പടിപടിയായി നേതൃനിരയിലെത്തിയ പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കള്‍ മതേതര ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അപ്രസക്തരായിക്കൊണ്ടിരിക്കുകയും നേതാക്കള്‍ക്കു പകരം മാനേജര്‍മാര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതകളും രാഷ്ട്രീയ കുതിരക്കച്ചവട സാധുതകളും സ്വാഭാവികം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."