ഇറാന്‍ ആണവ കരാര്‍, യു.എസിനെതിരേ സഖ്യകക്ഷികള്‍
വാഷിങ്ടണ്‍: തങ്ങളുടെ ആവശ്യം പരിഗണിക്കാതെ ഇറാനു മായുള്ള ആണവ കരാറില്‍ നിന്ന് യു.എസ് പിന്‍മാറിയതിനെതിരേ സഖ്യകക്ഷികള്‍. കരാറില്‍ പിന്‍മാറാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ദുഃഖകരമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മുനുവല്‍ മാക്രോണ്‍ പറഞ്ഞു.
ആണവ നിര്‍വ്യാപനം പ്രതിസന്ധിയിലാണ്. ആണവായുധം നിയന്ത്രിക്കാനുള്ള ആഗോള ശ്രമത്തിന് തടസമുള്ള സാഹചര്യമാണിപ്പോഴുള്ളതെന്നും മാക്രോണ്‍ ട്വീറ്റ് ചെയ്തു. കരാറില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയെങ്കിലും കരാര്‍ അവസാനിച്ചില്ലെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍-യൂവ്‌സ് ലേ ഡ്രൈന്‍ പറഞ്ഞു.
ആണവ കരാര്‍ നിലനിര്‍ത്താന്‍ മറ്റു കക്ഷികളുമായി ശ്രമം നടത്തുമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഫെഡ്രിക്ക മൊഗറിനി പറഞ്ഞു. ആണവ കരാര്‍ എന്നുള്ളത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധമല്ല. ഏകപക്ഷീയമായി കരാര്‍ ഒഴിവാക്കാന്‍ ഏതെങ്കിലും ഒരു രാജ്യവുമായി മാത്രമുള്ള കരാറുമല്ല ഇത്. ആണവയുധ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ഉത്തരവാദിത്വം നടപ്പിലാക്കാന്‍ ഇറാന്‍ താല്‍പര്യപ്പെടുന്ന കാലത്തോളം കരാര്‍ തുടരും. കരാന്‍ തുടരാന്‍ യൂറോപ്യന്‍ യൂനിയന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ പറഞ്ഞു.
ആണവ കരാന്‍ തുടരണമെന്നും മറ്റു അംഗങ്ങള്‍ കരാറുമായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും യു.എസ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ട്രംപിന്റെ തീരുമാനത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ചൈന കരാറുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
യു.എസിന്റെ തീരുമാനത്തില്‍ ചൈന ദുഃഖം രേഖപ്പെടുത്തുകയാണെന്നും ഇറാനുമായി സാധാരണ രീതിയിലുള്ള വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗങ് ഷോങ് പറഞ്ഞു. ആണവ കരാന്‍ പൂര്‍ണാര്‍ഥത്തില്‍ തുടരാനായി സഖ്യകക്ഷികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. കരാറിലെ വ്യവസ്ഥകള്‍ ചൈന നടപ്പിലാക്കും. കരാര്‍ തുടരാനായി ഇതര രാജ്യങ്ങളുമായി പക്ഷപാതമില്ലാത്ത, ഉത്തരവാദിത്വ പൂര്‍ണമായ ചര്‍ച്ചക്ക് തയാറാണെന്ന് ഗങ് ഷോങ് പറഞ്ഞു.
കരാറുമായി മുന്നോട്ട് പോകുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആങ്കലെ മെര്‍ക്കല്‍, ഇമ്മാനുവല്‍ മാക്രോണ്‍, യു.കെ പ്രധാനമന്ത്രി തെരേസാ മേ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ട്രംപിന്റെ തീരുമാനം നിരാശപ്പെടുത്തി. കരാറിലെ തീരുമാനങ്ങളുമായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് അവര്‍ അറിയിച്ചു. ഇറാനുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
നാണംകെട്ടതും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതുമായ കരാറാണിതെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരേയും ഇറാനെ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തും.
ഏകപക്ഷീയ കരാറാണിതെന്നും ശാന്തിയും സമാധാനവും ഈ കരാര്‍ കൊണ്ട് വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. 2015ല്‍ ഒബാമയുടെ ഭരണ കാലത്താണ് ഇറാനുമായുള്ള ആണവ കരാര്‍ നിലവില്‍വന്നത്. യു.എസിന് പുറമെ യു.കെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മന്‍,യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."