കൈക്കൂലിക്കേസില്‍ മൂവാറ്റുപുഴ ആര്.ഡി.ഒയ്ക്ക് ജാമ്യം
കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ ആര്.ഡി.ഒ. വി.ആര്.മോഹനന് പിള്ളയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ സോപാധിക ജാമ്യം അനുവദിച്ചത്.
മൂവാറ്റുപുഴ വാഴക്കുളത്തിന് സമീപം വേങ്ങച്ചുവടില്‍ ആലുവ സ്വദേശിയായ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാന്‍ അനുമതി നല്‍കുന്നതിന് 50,000 രൂപ കൈക്കൂലി ചോദിച്ചെന്ന കേസില്‍ മേയ് 30നാണ് മോഹനന്‍പിള്ളയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കരിങ്കല്‍ക്വാറിക്ക് സ്റ്റോപ്പ്മെമ്മോ നല്‍കിയതിലുള്ള വൈരാഗ്യം നിമിത്തം ക്വാറിയുടമ കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ആര്.ഡി.ഒയുടെ വാദം. കൈക്കൂലി ആവശ്യപ്പെട്ട് ആര്.ഡി.ഒ പരാതിക്കാരനോടു സംസാരിച്ചതിനു തെളിവായി ഫോണ്‍ സംഭാഷണം പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതു ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."