വിവിധ മേഖലകളില്‍ സഊദി ജപ്പാനും സഹകരിക്കാന്‍ ധാരണ
ജിദ്ദ: വിവിധ മേഖലകളില്‍ സഹകരണം ഉറപ്പിക്കാന്‍ സഊദിയും ജപ്പാനും ധാരണ. ഇതിന്റെ ഭാഗമായി വിഷന്‍ 2030 പദ്ധതിയുടെ ധാരണാ പത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സാംസ്‌കാരിക മേഖലയിലെ സഹകരണത്തിനും ധാരണയായി. സാമ്പത്തികം, വ്യവസായം, പ്ലാനിങ്, സംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
സാമ്പത്തികം,ആസൂത്രണം എന്നീ മേഖലയിലെ സഊദി ജപ്പാന്‍ വിഷന്‍ 2030 ധാരണാപത്രത്തില്‍ സഊദി സാമ്പത്തിക,ആസൂത്രണ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹും ജപ്പാന്‍ ധനകാര്യ, വാണിജ്യ, വ്യവസായ മന്ത്രി ഹിരോശീചി സീകോയും ഒപ്പുവച്ചു.
നാലാം ജനറേഷന്‍ വ്യവസായ മേഖലയിലും, വിഭവസ്രോതസ്സുകളിലുമുള്ള സഹകരണത്തിനും കരാര്‍ ഒപ്പുവച്ചു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കാസ്റ്റ്) പ്രസിഡന്റ് ഡോ. അമീര്‍ തുര്‍ക്കിന്‍ ബിന്‍ സുഊദും ജപ്പാന്‍ മന്ത്രി ഹിരോശീചി സീകോയുമാണ് കരാറില്‍ ഒപ്പുവച്ചത്. സാംസ്‌കാരിക രംഗത്തെ സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൗരന്മാര്‍ക്ക് സന്ദര്‍ശന വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കാനും തീരുമാനിച്ചു.
സഊദി വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനിയും ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി കീന്‍താരോ സുനോറയുമാണ് കരാര്‍ ഒപ്പുവച്ചത്. ഏഷ്യന്‍ രാജ്യങ്ങളുമായി സഊദി സഹകരണം ശക്തമാക്കുന്നതിന്റെ പുതിയ ചുവടുവെപ്പുകളാണ് രാജാവിന്റെ സന്ദര്‍ശനത്തോടെ സാക്ഷാല്‍ക്കരിക്കുന്നത്. മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ സഹകരണത്തിന് പുറമെ അടുത്ത ദിവസം സന്ദര്‍ശിക്കുന്ന ചൈനയുമായും സഊദി സഹകരണ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."