പരപ്പ ടൗണില്‍ ആ'ശങ്ക' തീര്‍ക്കാന്‍ ഇടമില്ല
പരപ്പ: പരപ്പ ടൗണില്‍ പൊതു ശൗചാലയമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതത്തിലാക്കുന്നു. ശൗചാലയം നിര്‍മിക്കാനാവശ്യമായ സ്ഥലം റവന്യു വകുപ്പ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് കൈമാറാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
ടൗണില്‍ ശൗചാലയത്തിനാവശ്യമായ രണ്ടുസെന്റ് സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 2016ല്‍ പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്കും റവന്യൂ വകുപ്പിനും അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ക്കും, പരപ്പ വില്ലേജ് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ തടസമില്ലെന്ന് കാണിച്ച് വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് ആറുമാസത്തോളം താലൂക്ക് ഓഫിസില്‍ കെട്ടിക്കിടന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് പോയി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയത്.
പക്ഷേ സ്ഥലം ലീസിന് നല്‍കാന്‍ മാത്രമേ കഴിയൂ എന്നു കാണിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് മടക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അത് കലക്ടര്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു കൈമാറുകയും ചെയ്തു. തുടര്‍ന്ന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കുകയും ഫയല്‍ പഞ്ചായത്ത് ഡയരക്ടറുടെ അനുമതിക്കായി തദ്ദേശസ്വയംഭരണ വകുപ്പിനു കൈമാറുകയും ചെയ്തു. എന്നാല്‍ ഇവിടെ നിന്നുള്ള അനുമതി ലഭിച്ചെങ്കിലും റവന്യു വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
അതേസമയം പരപ്പയില്‍ പൊതുശൗചാലയത്തിനായി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 11 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."