ബ്രെക്സിറ്റില്‍ ആവേശംകൊണ്ട് കെജ്രിവാള്; ഡല്‍ഹിക്കു വേണം പൂര്‍ണ സംസ്ഥാന പദവി
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ബ്രെക്സിറ്റ് മോഡല്‍ ഹിതപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ്
കെജ്രിവാള്. ബ്രിട്ടനു ശേഷം ഡല്‍ഹിയില്‍ ഹിതപരിശോധനയ്ക്ക് തയാറെടുക്കുകയാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി വേണമെന്ന ആവശ്യക്കാരാണ്. എങ്കിലേ പ്രധാനപ്പെട്ട പല വകുപ്പുകളും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലാകൂ. ഇപ്പോള്‍ പ്രധാനപ്പെട്ട പൊലിസ്, ഭൂമി, റവന്യു, വനം വകുപ്പുകളെല്ലാം കേന്ദ്രസര്‍ക്കാറിന്റെ കീഴിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ.എ.പി സര്‍ക്കാറിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയ നാള് മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണ്. നിരവധി തവണ ഇരുവരും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
ഏറ്റവും ഒടുവിലായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉണ്ടായി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാള്‍ക്ക് ഗവര്‍ണറുമായി ബന്ധമുണ്ടെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു.
നേരത്തെ കോണ്‍ഗ്രസും ബിജെപിയും ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ ബി.ജെ.പി അതില്‍നിന്ന് പിന്തിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."