അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്: പാതിവഴി മുടങ്ങിയ വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് പദ്ധതിയായി
അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് പാതിവഴി മുടങ്ങിയ വീടുകള്‍ നിര്‍മാണം പൂര്‍ത്തികരിക്കുന്നതിന് പദ്ധതിയായി. ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച് നിര്‍മാണം ആരംഭിച്ച പലവീടുകളും വിവിധ ഘട്ടങ്ങളില്‍ പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
ഗുണഭോക്താക്കളുടെ സാമ്പത്തീക പരാധീനതകളാണ് പ്രധാന കാരണം. രണ്ടും മൂന്നും ഗഡു ധനസഹായം കൈപ്പറ്റിയതിന് ശേഷമാണ് നിര്‍മാണം മുടങ്ങിപോകുന്നത്. ധനസഹായം കൈപ്പറ്റിയവര്‍ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാതെ വന്നാല്‍ റെവന്യൂ റിക്കവറി വഴി പലിശ സഹിതം തുക തിരിച്ച് പിടിക്കണമെന്നാണ് ചട്ടം.
ജപ്തി നടപടികള്‍ സ്വീകരിച്ചാലും പണം തിരിച്ചു കിട്ടാത്ത അവസ്ഥയാണ് പലപ്പോഴും. ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി മുന്‍കൈയെടുത്ത് പാതിവഴിയില്‍ മുടങ്ങിപ്പോയ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് തയ്യറാക്കിയത്.
പദ്ധതി പ്രകാരം മുടങ്ങിപ്പോയ വീടുകളുടെ പണി പുനരാരംഭിക്കുന്നതിന് ബ്ലോക്കില്‍ നിന്നുള്ള നിയമനുസൃതമായ സഹായത്തോടൊപ്പം വീടിന്റെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റിങിന് 25000 രൂപയുടെ അഡീഷണല്‍ സഹായം സുമനസുകളായ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാക്കുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനില്‍ ബ്ലോക്കിലെ 10 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടിന്റെ കോണ്‍ക്രീറ്റിംഗിന് 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."