ബാലാരിഷ്ടതകള്‍ മാറാതെ ചീമേനി ടൗണ്‍
ചീമേനി: കയ്യൂര്‍-ചീമേനി പഞ്ചായത്തിന് വയസ് അമ്പത്താറായിട്ടും ബാലാരിഷ്ടതകള്‍ വിട്ടുമാറിയില്ല. മൂത്രപ്പുരയ്ക്കും ബസ്റ്റാന്‍ഡിനും പോലുമുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക സൗകര്യത്തിന് ശുചി മുറിയോ ആവശ്യത്തിന് ബസ് കാത്തിരിപ്പു കേന്ദ്രമോ ഇല്ലാത്തതിനാല്‍ ചീമേനിയിലെത്തുന്നവര്‍ എന്നും പെരുവഴിയിലാണ്. ചീമേനിയില്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് രണ്ടായിരത്തോളം ഏക്കര്‍ സ്ഥലമുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ അത്യാവശ്യത്തിനു നല്‍കാന്‍ സ്ഥലമില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
കോളജ്, സ്‌കൂള്‍, ബാങ്ക്, ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ചീമേനിയിലുണ്ട്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് ചീമേനിയിലെത്തുന്നത്. ടൗണിലെത്തുത്തുന്നവര്‍ക്കു പ്രാഥമിക ആവശ്യത്തിനു സൗകര്യമില്ലാത്തതിനാല്‍ പെരുവഴിയാണാശ്രയം. സ്ത്രീകളുടെ കാര്യം ഏറെ ദയനീയമാണ്. പഞ്ചായത്ത് താല്‍ക്കാലികമായി ഇ-ടോയ് ലറ്റുകളെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാങ്കോല്‍ വഴി പയ്യന്നൂരിലേക്കും പൊതാവൂര്‍, പള്ളിപ്പാറ ഭാഗത്തേക്കും വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരുണ്ട്. ഇവര്‍ക്കു കയറിയിരിക്കാനോ നില്‍ക്കാനോ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. മഴയത്തും വെയിലത്തും കയറി നില്‍ക്കാന്‍ കടവരാന്തകളാണ് ആശ്രയം. മത്സ്യ മാര്‍ക്കറ്റ് ഇല്ലാത്തതിനാല്‍ വില്‍പനയും പ്രധാന കേന്ദ്രത്തില്‍ തന്നെ.
ചെറുപുഴ, ചിറ്റാരിക്കല്‍, കാക്കടവ്, പള്ളിപ്പാറ, പൊതാവൂര്‍, കാങ്കോല്‍, കയ്യൂര്‍, ചെറുവത്തൂര്‍ റോഡുകളെല്ലാം ചീമേനിയിലാണ് ഒന്നിക്കുന്നത്.പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള റവന്യു ഭൂമിയാണ് ടൗണിന്റെ ഭൂരിഭാഗത്തും പരന്നു കിടക്കുന്നത്. ഇതില്‍ രണ്ടര ഏക്കര്‍ സ്ഥലം ബസ് സ്റ്റാന്‍ഡിനായി ലഭിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിവേദനം നല്‍കിയിരുന്നു. ഇതിന് 78 ലക്ഷം രൂപ നല്‍കാനായിരുന്നു നിര്‍ദേശം കിട്ടിയത്. പകരം പാട്ടത്തിനാണെങ്കില്‍ വര്‍ഷം എട്ടു ലക്ഷം രൂപ നല്‍കണം. മുന്‍ പഞ്ചായത്തു പ്രസിഡന്റ് കൂടിയായ തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപലന്‍ അംഗമായ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷമാകുമ്പോഴും നടപടികളൊന്നുമായില്ല. സ്ഥലമുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ സ്ഥലം അനുവദിക്കാത്തതിനെതിരേ ജനങ്ങളില്‍ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."