ജില്ലയിലെ രണ്ട് കോടതികള്‍ ഇനി മാതൃകാ കോടതികള്‍
പ്രതികളും സാക്ഷികളും ഇനി കോടതി വരാന്തകളില്‍ കാത്തുനില്‍ക്കേണ്ട കേസുകളുടെ വിശദവിവരങ്ങള്‍ കോടതി മുറിയിലെ ടച്ച് സ്‌ക്രീനില്‍ അറിയാം
മഞ്ചേരി: ജില്ലയില്‍ രണ്ടു കോടതികള്‍ ഇനി മാതൃക കോടതികളാവും. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി, നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവയാണു മാതൃകാ കോടതികളാവുന്നത്. എല്ലാ ജില്ലകളിലേയും സിവില്‍, ക്രിമിനല്‍ കോടതികള്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ മാറ്റം.
വിപുലമായ സംവിധാനങ്ങളാവും ഇതിന്റെ ഭാഗമായി കോടതികളില്‍ ഒരുങ്ങുക. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഹാളിനോടു ചേര്‍ന്നു സാക്ഷികള്‍ക്കു വിശ്രമമുറി, ഇരിപ്പിടങ്ങള്‍, ഫീഡിംഗ് ഏരിയ, കോര്‍ട്ട് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള ടച്ച് സ്‌ക്രീന്‍ സംവിധാനം, പ്രവേശനകവാടത്തിനടുത്തു സ്ഥാപിച്ച കിയോസ്‌ക് , മെയിന്‍ഗേറ്റിനടുത്തു സ്ഥാപിച്ച കോര്‍ട്ട് കോംപ്ലക്‌സ് ലേഔട്ട് തുടങ്ങിയ ഇതിന്റെ ഭാഗമായി നിലവില്‍വന്നു. ജില്ലാ കോടതിയുടെ ഓഫിസ് മുറിയും കൂടുതല്‍ സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തിയിട്ടുണ്ട്.
വിസ്താരത്തിനെത്തുന്ന സാക്ഷികള്‍ കോടതി നടപടികള്‍ തുടങ്ങുംവരെ വരാന്തയില്‍ നില്‍ക്കേണ്ട സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇനിമുതല്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ സാക്ഷികള്‍ക്കു അവരുടെ ഊഴമാകുംവരെ വിശ്രമിക്കാം. ഇതേമുറിയില്‍ കോര്‍ട്ട് ഹാളുമായി ബന്ധപ്പെടുത്തുന്ന വിധത്തില്‍ പ്രത്യേക മൈക്ക് സംവിധാനവുമുണ്ട്. പേരു വിളിക്കുന്ന സമയത്തു സാക്ഷികള്‍ ഹാളില്‍ ഹാജരായാല്‍ മതിയാകും.
കോര്‍ട്ട് ഹാളിലെ ടച്ച് സ്‌ക്രീന്‍ സംവിധാനമാണു മറ്റൊന്ന്. കേസുകളുടെ വിശദവിവരങ്ങള്‍ ഇതില്‍ തെളിയും. അഭിഭാഷകര്‍ക്കാണിതു വളരെയധികം പ്രയോജനപ്പെടുക. കേസുകള്‍ പെട്ടന്നു തീര്‍പ്പാക്കുന്നതിനായി ഇന്‍ പ്രോഗ്രസീവ് സോഫ്റ്റ്‌വെയര്‍സംവിധാനവും വിപുലപ്പെടുത്തിയിട്ടുണ്ട്. പുറത്ത് സ്ഥാപിച്ച കിയോസ്‌ക് വഴി കേസുകളുടെ മുഴുവന്‍ വിവരങ്ങളും അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും ലഭ്യമാവും. ജില്ലാ കോടതികളിലെ 2010 വരെയുള്ള മുഴുവന്‍ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കണമെന്നു ജില്ലാ ജഡ്ജിമാര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയസംവിധാനങ്ങള്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11ലക്ഷമാണു മാതൃകകോടതി സംവിധാനത്തിലേക്കു മാറാന്‍ ചെലവു വരുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."