കൂട്ടുകാര്‍ക്കൊപ്പം കുളിക്കവെ കയത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു
കിളിമാനൂര്‍ : കൂട്ടുകാര്‍ക്കൊപ്പം കുളിക്കവെ കുളത്തിലെ കയത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ കുരിശോട് ക്ഷേത്രത്തിനുസമീപം മാധവത്തില്‍ രാധാകൃഷ്ണപിള്ള, ഷൈലജ ദമ്പതികളുടെ ഇളയമകന്‍ വിനായകന്‍ (11) ആണ് മരിച്ചത്. പാരിപ്പള്ളി അമൃതവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11ന് മടവൂര്‍ വിളയ്ക്കാട് അഞ്ചുമൂര്‍ത്തിക്ഷേത്രക്കുളത്തിലായിരുന്നു സംഭവം.
വിനായകന്‍ കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. ജലം കുറവായതിനെതുടര്‍ന്ന് കുളത്തിനു മധ്യത്തില്‍ ജെ. സി .ബി ഉപയോഗിച്ച് ഒരു കുഴികൂടി നിര്‍മിച്ചിരുന്നു. ഈ കുഴിയില്‍ ഇറങ്ങരുതെന്നുള്ള അപായസൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.എന്നാല്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വിനായകന്‍ ഈ കുഴിയിലെ ചെളിയില്‍ പുതയുകയായിരുന്നു.
കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസി അംബരീഷ് (ശംഭു) കുളത്തിലെ കുഴിയില്‍ സാഹസികമായി ഇറങ്ങി വിനായകനെ പുറത്തെടുത്തു. സ്വകാര്യവാഹനത്തില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി , നില വഷളായതിനെ തുടര്‍ന്ന് ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി ഏകസഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."