ലീഗ് സമ്മര്‍ദം ഫലംകണ്ടു; കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടിസ്
കൊളച്ചേരി: ലീഗില്‍നിന്ന് കൂറുമാറിയ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.പി സറീനയ്‌ക്കെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. യു.ഡി.എഫിലെ പത്ത് മെമ്പര്‍മാര്‍ ഒപ്പിട്ട പ്രമേയം വരണാധികാരികൂടിയായ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. ശൈലജക്ക് കൈമാറി. ഇതോടെ ഒരു മാസത്തിലേറെയായി ജില്ലയിലെ കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.
യു.ഡി.എഫ് നേതാക്കളായ കെ. സുധാകരന്‍, എ.ഡി മുസ്തഫ, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളുടെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരുന്നു.
പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റി രൂപീകരിച്ച് പരിഹാരത്തിനായി ഇടപെടല്‍ നടത്താനും നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ സതീശന്‍ പാച്ചേനിയുടെയും അബ്ദുല്‍ കരീം ചേലേരിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന കൊളച്ചേരി പഞ്ചായത്തിലെ യു.ഡി.എഫിന്റെ മുഴുവന്‍ മെമ്പര്‍മാരും പങ്കെടുത്ത യോഗത്തില്‍ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ലീഗില്‍നിന്ന് കൂറുമാറിയ കെ.എം.പി സറീന ലീഗ് സ്ഥാനാര്‍ഥി കെ. താഹിറയെ പരാജയപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റായത്. കോണ്‍ഗ്രസിലെ രണ്ട് വനിതാ അംഗങ്ങള്‍ യു.ഡി.എഫ് വിപ്പ് ലംഘിച്ച് സി.പി.എമ്മിനും ബി.ജെ.പിക്കും ഒപ്പം ചേര്‍ന്ന് സറീനയെ പിന്തുണക്കുകയായിരുന്നു. ഇതോടെ കൊളച്ചേരിയിലെ കോണ്ഗ്രസ്-ലീഗ് ബന്ധം വഷളായി. കൊളച്ചേരിയിലെ പ്രശ്‌നം പരിഹരിച്ച് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം കാണ്ടുവരുന്നതിന് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ യു.ഡി.എഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചു. ബഹിഷ്‌കരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കീഴാറ്റൂര്‍ സന്ദര്‍ശനത്തില്‍നിന്ന് ലീഗ് വിട്ടുനിന്നിരുന്നു.
എല്ലാ ജില്ലകളിലും നടന്ന സംസ്ഥാന സര്‍ക്കാറിനെതിരേയുള്ള കലക്ടറേറ്റ് ഉപരോധം കണ്ണൂരില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."