മുകുളം വിടര്‍ന്നു; കണ്ണൂരിന് ചരിത്രനേട്ടം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനായി 2011ല്‍ ആരംഭിച്ച 'മുകുളം' പദ്ധതിയിലൂടെ ഇത്തവണ കണ്ണൂരിന് ലഭിച്ചത് റെക്കോര്‍ഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയാണ് ഇക്കുറിയും കണ്ണൂര്‍ വിദ്യാഭ്യാസ രംഗത്ത് മികവ് ആവര്‍ത്തിച്ചത്. തുടര്‍ച്ചയായി 2016, 2017 വര്‍ഷങ്ങളിലും മുകുളം പദ്ധതിയിലൂടെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന വിജയശതമാനം കണ്ണൂരിന് ലഭിച്ചിരുന്നു. 2011-12 വര്‍ഷം ആരംഭിച്ച പദ്ധതിയില്‍ പഠനത്തില്‍ പിന്നോക്കാവസ്ഥയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രത്യേകക്ലാസുകളും പഠനസഹായികളും നല്‍കിക്കൊണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുമായി അധ്യാപകരും രക്ഷിതാക്കളും കൂടെയുണ്ടായിരുന്നു.
ആ വര്‍ഷം തന്നെ വിജയശതമാനത്തില്‍ അതിന്റെ പ്രതിഫലനവും ദൃശ്യമായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പരിപാടിയായി പരിഷ്‌കരിച്ച് ഇ-മുകുളം ആവിഷ്‌കരിച്ച് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനായി. എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണഫലവും ലഭ്യമായി. പദ്ധതിക്കായി ഓരോ വിദ്യാര്‍ഥിക്കും ജില്ലാ പഞ്ചായത്ത് അഞ്ചുരൂപ വീതം ഫണ്ടും വകയിരുത്തിയിരുന്നു. മുകുളം പദ്ധതിയിലൂടെ പ്രത്യേകം ചോദ്യപേപ്പറുകള്‍ തയാറാക്കി കുട്ടികളെ പരിശീലിപ്പിച്ചതും നേട്ടമായി.
പദ്ധതി കര്‍ശനമായി നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചതും സംസ്ഥാനത്തു തന്നെ ആദ്യത്തെ പരീക്ഷണമായിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രം തന്നെ ഉടച്ചുവാര്‍ക്കാന്‍ കഴിഞ്ഞ പദ്ധതിയിലൂടെ കണ്ണൂരിന്റെ പേര് എല്ലാവര്‍ഷവും ഉയരെ നിര്‍ത്താന്‍ കഴിയുന്നതില്‍ ജില്ലാ പഞ്ചായത്തിനും വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ഏറെ അഭിമാനിക്കാന്‍ വകയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."