ഫോര്‍ട്ട്‌കൊച്ചിയില്‍ ആര്‍.ഡി.ഒ ഇല്ലാതായിട്ട് ഒരു മാസം; ജനം ദുരിതത്തില്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ ഇല്ലാതായിട്ട് ഒരു മാസം തികയുമ്പോഴും പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു.
സബ് കലക്ടര്‍ ഇമ്പശേഖരന്‍ ഇവിടെ നിന്ന് മാറി പോയിട്ട് ഒരു മാസം തികയുകയാണ്.ഇമ്പശേഖര്‍ പോയതിന് ശേഷം ദിവസങ്ങള്‍ മാത്രം ഒരു ഡെപ്യൂട്ടി കലക്ടര്‍ ചുമതല നിര്‍വഹിച്ചെങ്കിലും അദ്ദേഹവും ഒഴിഞ്ഞു.പിന്നീട് മുവാറ്റുപുഴ ആര്‍.ഡി.ഒ ഷാജഹാന് ഫോര്‍ട്ട്‌കൊച്ചിയുടെ അധിക ചുമതല നല്‍കിയെങ്കിലും അദ്ദേഹത്തിന് ഇവിടെ എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ആഴ്ചയില്‍ രണ്ട് ദിവസം എത്തുമെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് പല തിരക്കുകള്‍ക്കിടയില്‍ ഫോര്‍ട്ട്‌കൊച്ചിയുടെ അധിക ചുമതല കൂടി നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒയുടെ പരിധിയില്‍ ഏഴ് താലൂക്കുകളാണുള്ളത്.സുപ്രധാനമായ പല താലൂക്കുകളും സ്ഥിതി ചെയ്യുന്നത് ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒയുടെ പരിധിയിലാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടത്തെ ചുമതല വഹിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.സുഹാസിന് ശേഷം അഥീല അബ്ദുള്ളയും പിന്നീട് ഇമ്പശേഖരുമാണ് ഇവിടത്തെ ചുമതല വഹിച്ചത്.
ഏഴ് താലൂക്കില്‍ നിന്നായി നൂറ് കണക്കിനാളുകളാണ് ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്.ആര്‍.ഡി.ഒ ഇല്ലാത്തതിനാല്‍ ഇവരുടെ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ ആര്‍.ഡി.ഒയുടെ പരിധിയിലുള്ള കേസുകളും മുടങ്ങി കിടക്കുന്ന അവസ്ഥയാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ട് പോയ ജനന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ട് പോയവ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം ആര്‍.ഡി.ഒക്കാണുള്ളത്.ഇതിനായി നിരവധി അപേക്ഷകളാണ് ഇവിടെ കെട്ടി കിടക്കുന്നത്.നിരവധി പേരാണ് ദൂര സ്ഥലങ്ങളില്‍ നിന്ന് ഇതിനായി ഓഫീസില്‍ കയറിയിറങ്ങുന്നത്.അടിയന്തിരമായി ഇവിടെ ആര്‍.ഡി.ഒയെ നിയമിക്കണമെന്നാവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."