നന്മകള്‍ ഒഴുകിയെത്തുന്ന മാസം
പരിണാമിയാണ് കാലവും ജീവിതവും. അനുനിമിഷം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നത്. ഈ മാറ്റങ്ങളോടൊപ്പം പ്രകൃതിയും മനുഷ്യനും ഒരളവുവരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നതാണ് നമ്മുടെ നേരനുഭവം.
പരസ്പര പൂരകങ്ങളാകേണ്ടവയെല്ലാം മാത്സര്യത്തിന്റെ വിളഭൂമിയായി മാറുന്നു. സ്‌നേഹം, ദയ, ആര്‍ദ്രത, വാത്സല്യം, സഹിഷ്ണുത, മാനവികത തുടങ്ങിയ ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന വികാരങ്ങളെല്ലാം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ശിഥില വര്‍ത്തമാനത്തെ അഭിമുഖീകരിക്കാന്‍ നാം പ്രാപ്തരാകേണ്ടതുണ്ട്. പാരമ്പര്യത്തിന്റേയും ആത്മീയതയുടേയും കരുത്തുകൊണ്ടു മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. സര്‍വമതങ്ങളേയും അന്തര്‍നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നവനു മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഈ ലൗകീകവും ആത്മീയവുമായ തത്വമാണ് ഇസ്‌ലാം മതവിശ്വാസികള്‍ റമദാന്‍ പുണ്യമാസത്തിലൂടെ വെളിപ്പെടുത്തുന്നത്. ഉപവാസവും ആത്മാര്‍പ്പണവും എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ടെങ്കിലും ഇസ്‌ലാം മതത്തിന്റെ കാതലാണവ.
ഒരു ജനതയും മതവും എങ്ങനെ സ്വയമുരുകി സ്വപീഢനത്തിലൂടെ മറ്റുള്ളവര്‍ക്ക് വെളിച്ചമാകുന്നുവെന്ന് തെളിയിക്കുന്ന അനുഷ്ഠാനമാണ് റമദാന്‍ വ്രതം. സ്വയം പ്രകാശിച്ച് മുസ്‌ലിം സഹോദരങ്ങള്‍ ആത്മോപാസനയിലൂടെ അജ്ഞതയുടെ അന്ധകാരത്തെ തൂത്തെറിയുന്നു. മതം വഴിവിളക്കാവുന്നതിവിടെയാണ്. മനുഷ്യന്‍ നന്മയിലേക്ക് കുതിക്കുന്നതിങ്ങനെയാണ്. ജീവിതം വീണ്ടെടുപ്പിന്റേതും വീട്ടലിന്റേതുമാകുന്നത് ഈ സാഹചര്യത്തിലാണ്.
നന്മകളെല്ലാം നമ്മിലേക്കൊഴുകിയെത്തുന്ന, ഭൂമി സ്വര്‍ഗത്തില്‍ നിന്ന് അടര്‍ന്നു വീണ തുണ്ടായി മാറുന്ന റമദാന്‍ നാളുകള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് നമുക്ക് ഒന്നായി ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."