ഹജ്ജ് വിമാന ഷെഡ്യൂള്‍ അടുത്തയാഴ്ച
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂള്‍ അടുത്തയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കും. സഊദി വ്യോമയാന മന്ത്രാലയവും കേന്ദ്രവ്യോമയാന മന്ത്രാലയവും സംയുക്തമായാണ് ഹജ്ജ് ഷെഡ്യൂള്‍ തയാറാക്കിയത്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ സമയ സ്ലോട്ടിനനുസരിച്ചാണ് ഇന്ത്യയിലെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണയും ഹജ്ജ് വിമാന സര്‍വിസ് നടക്കുക. ആദ്യഘട്ടത്തിലുളള സര്‍വിസുകള്‍ ജൂലൈ 14 മുതല്‍ ആരംഭിക്കും. രണ്ടാംഘട്ടത്തിലുള്ളവ ജൂലൈ 29 മുതലാണ്. കേരളം രണ്ടാംഘട്ടത്തിലുള്‍പ്പെട്ടതിനാല്‍ ഹജ്ജ് സര്‍വിസുകള്‍ ജൂലൈ 29 മുതലാണ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് സഊദി എയര്‍ലെന്‍സാണ് സര്‍വിസുകള്‍ നടത്തുന്നത്.
രാജ്യത്തെ 11 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ജിദ്ദയിലേക്കും ഒന്‍പത് സ്ഥലങ്ങളില്‍ നിന്ന് മദീനയിലേക്കുമായിരിക്കും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക. മദീനയില്‍ ഇറങ്ങുന്നവര്‍ ഹജ്ജിന് മുന്‍പായി തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും. ഇവരുടെ മടക്ക യാത്ര ജിദ്ദ വിമാനത്താവളം വഴിയായിരിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ജിദ്ദയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന് ശേഷമായിരിക്കും മദീനയിലേക്ക് പോവുക. ഇവരുടെ മടക്ക സര്‍വിസുകള്‍ മദീനയില്‍ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 29ന് ആരംഭിക്കുന്ന ഹജ്ജ് വിമാന സര്‍വിസുകള്‍ ഓഗസ്റ്റ് 15ന് സമാപിക്കും. ഹജ്ജ് കഴിഞ്ഞുള്ള മടക്ക വിമാനങ്ങള്‍ സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 25നാണ് ഹജ്ജ് വിമാന സര്‍വിസുകള്‍ പൂര്‍ത്തിയാവുക. കേരളത്തില്‍ നിന്ന് 11,700 പേര്‍ക്കുള്ള വിമാന സീറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."