തീരദേശമേഖല കേന്ദ്രീകരിച്ച് സാമൂഹിക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി മെഴ്‌സിക്കുട്ടിയമ്മ
കൊല്ലം: സംസ്ഥാനത്ത് തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹിക പഠനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. സാക്ഷരതാമിഷന്റെ 'അക്ഷരസാഗരം' പദ്ധതി ഇന്‍സട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന 'അക്ഷരസാഗരം' തീരദേശ സാക്ഷരത-തുല്യതാ പരിപാടി എല്ലാ തീരദേശ വാര്‍ഡുകളിലും വ്യാപിപ്പിക്കും.
സാക്ഷരതാമിഷനിലൂടെ മുഴുവന്‍ തീരദേശവാസികളെയും സാക്ഷരരാക്കി ഹയര്‍സെക്കന്‍ഡറി തുല്യതവരെ വിദ്യാഭ്യാസം നല്‍കുന്ന തരത്തിലുള്ള ബൃഹത്പദ്ധതിയായി അക്ഷരസാഗരത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഉപരിപഠനം കഴിഞ്ഞവര്‍ക്കും വിദ്യാഭ്യാസ പരിപോഷണത്തിന്റെ ഭാഗമായി സാമൂഹിക പഠനകേന്ദ്രങ്ങളെ പ്രയോജനപ്പെടുത്താം. സാക്ഷരത- തുല്യതാ പഠനത്തോടൊപ്പം നിയമം, തൊഴില്‍, ലിംഗസമത്വം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഈ പഠനകേന്ദ്രങ്ങളിലൂടെ സാമൂഹ്യസാക്ഷരതാ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന തീരദേശവാസികളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ പദ്ധതിയിലൂടെ കഴിയും. വികസനം ശരിയായ അര്‍ഥത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ അക്ഷരവെളിച്ചം മുഴുവന്‍ ജനങ്ങളിലുമെത്തണമെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി.
'അക്ഷരസാഗരം' പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഇ.വി അനില്‍കുമാര്‍, കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ പ്രദീപ്കുമാര്‍ സംസാരിച്ചു. മൂന്ന് ജില്ലകളില്‍ നിന്നായി 117 ഇന്‍സ്ട്രക്ടര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."