വിദേശ വനിതയുടെ കൊലപാതകം: രണ്ടാം പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി
കോവളം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഉദയനെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലും സമീപത്തെ ആള്‍പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഉദയനെ തെളിവെടുപ്പിനായി കണ്ടല്‍കാട്ടിലെത്തിച്ചത്.
പിന്നീട് തൊട്ടടുത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടിലുമെത്തിച്ചും തെളിവെടുത്തു. വിദേശവനിതയ്ക്ക് കഞ്ചാവ് നല്‍കിയ ശേഷം ഇവിടെ എത്തിച്ചായിരിക്കാം പീഡിപ്പിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. വസ്തുവിന്റെ ഉടമ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസത്തിനായി നിര്‍മിച്ച കെട്ടിടം പാതിവഴിയില്‍ പൂര്‍ത്തിയാതക്കാതെ പണി നിറുത്തിവെച്ചതായിരുന്നു. ആളൊഴിഞ്ഞ ഈ പ്രദേശവും വീടും പിന്നീട് പ്രതികളായ ഉമേഷും ഉദയനുമടക്കമുള്ളവരുടെ താവളമായി മാറുകയായിരുന്നു. വീടിന്റെ ടെറസിലും സമീപത്തെ ശൗചാലയത്തിലും അന്വേഷണ സംഘം പരിശോധനകള്‍ നടത്തി. ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധനകള്‍ നടന്നത്. സംഭവ ദിവസം പ്രതികള്‍ ലഹരിയ്ക്കായി ഉപയോഗിച്ച കഞ്ചാവടക്കമുള്ള ചില ലഹരിവസ്തുക്കള്‍ പൊലിസിന് ഇവിടെ നിന്ന് ലഭിച്ചതായാണ് സൂചന.
കൊല്ലപ്പെട്ട വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും കായലില്‍ ഉപേക്ഷിച്ചു എന്ന് പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കായലിലും പരിസരത്തും ഇന്നലെയും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോര്‍ട്ട് എ.സി ദിനിലിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം നടത്തിയ തെളിവെടുപ്പിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുമായി ഉദ്വോഗസ്ഥര്‍ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."