തൊഴിലുറപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ ലക്ഷ്യം ജല സ്വയം പര്യാപ്തത: മന്ത്രി കെ.ടി ജലീല്‍
കൊച്ചി: ജലത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത എന്നതാണ് ഈ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. സംസ്ഥാന തലത്തില്‍ തൊഴിലുറപ്പ് എഞ്ചിനീയര്‍മാരുടെ യോഗം ചേര്‍ന്ന് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. പാമ്പാക്കുട ബ്ലോക്കിന്റെ അറുപതാം വാര്‍ഷിക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം പദ്ധതി വിഹിതം നടപ്പിലാക്കിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. അസാധ്യമെന്ന് കരുതുന്നത് സാധ്യമാക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നികുതി പിരിവ് നൂറു ശതമാനം പൂര്‍ത്തിയാക്കിയ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ അതത് കേന്ദ്രങ്ങളില്‍ ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്ത പ്രവര്‍ത്തി ഒരു വര്‍ഷത്തിന് ശേഷം കാണാന്‍ കഴിയാത്ത നിലവിലെ സാഹചര്യം മാറും. പത്തു വര്‍ഷത്തിന് ശേഷവും കാണുന്ന വിധം തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ മാറും.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ കിണറുകളും റീ ചാര്‍ജ് ചെയ്യും. പുരപ്പുറത്ത് പെയ്യുന്ന ഒരു തുള്ളി വെള്ളവും പാഴാക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇതു വഴി ഓരോ കിണറിലും 30 ശതമാനത്തിലധികം ജലം നിലനിര്‍ത്താനാകും. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രാമുഖ്യം നല്‍കും. ഇത്തരം പദ്ധതികളില്‍ ജനപ്രതിനിധികള്‍ തന്നെ ആദ്യം മാതൃകയാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അനൂപ് ജേക്കബ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോളി കുര്യാക്കോസ്, കെ. എന്‍. സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."