ഹരിത കേരളം: ആയിരം കോടിയുടെ ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് തയാറാക്കും
കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നട്ടുവളര്‍ത്തുന്ന വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നവര്‍ക്ക് സ്വന്തം വീടും പരിസരവും മാലിന്യമുക്തമാക്കാന്‍ സമ്മാനപദ്ധതി. ജില്ലാ പഞ്ചായത്ത്, ഹരിതകേരള മിഷന്‍, കുടുംബശ്രീ, എന്‍.എസ്.എസ്, സേവ്, ജിസെം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് സമിതിയാണ് വൃക്ഷത്തൈ പരിപാലന മത്സരത്തിലൂടെ സമ്മാന പദ്ധതി ആവിഷ്‌കരിക്കുന്നത്.
വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനും മാലിന്യമുക്തവും ഹരിതാഭവുമായ കേരളത്തിന്റെ സൃഷ്ടിപ്പിന് ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് നടപ്പില്‍വരുത്താന്‍ ആയിരം കോടി രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കും. ശേഷം റിപ്പോര്‍ട്ട് യു.എന്‍.ഇ.പി, നബാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയ്ക്ക് സമര്‍പ്പിക്കും. 20 വീതം നാല് ഏജന്‍സികളും 20 ഗുണഭോക്താക്കളും വഹിക്കുന്ന രീതിയിലാണ് പ്രൊജക്ട് തയാറാക്കുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടുന്ന തൈകളുടെ ലഭ്യമായ ഡാറ്റ സമാഹരിച്ച് ഒന്നാംഘട്ട ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് കേരള സര്‍ക്കാരിനു സമര്‍പ്പിക്കും.
ഓരോരുത്തരും വളര്‍ത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ www.Green Clean Earth.org എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തുവരുന്നുണ്ട്. ഇതില്‍നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് വൃക്ഷത്തൈ പരിപാലന മത്സരം.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍, സ്വന്തം വീട്ടില്‍ കൃഷി, പൂന്തോട്ട നിര്‍മാണം, വൃക്ഷങ്ങള്‍ വളര്‍ത്തല്‍, മാലിന്യസംസ്‌കരണം, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം എന്നീ മേഖലകളില്‍ ആവശ്യമുള്ള പ്രവൃത്തികളുടെ മൊത്തം ചെലവ് മേല്‍പറഞ്ഞ വെബ്‌സൈറ്റിലൂടെ തയാറാക്കുന്നതാണ് ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ്. എന്‍.എസ്.എസ്, സേവ് വിദ്യാര്‍ഥി വളണ്ടിയര്‍മാരും ഹരിതസേനാ പ്രവര്‍ത്തകരും സഹായം നല്‍കും.
വൃക്ഷത്തൈ പരിപാലന മത്സരത്തിലൂടെ കേരളത്തില്‍ നിന്നു ഒരുകോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് അതിന്റെ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാക്കുന്ന ഫോട്ടോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് യു.എന്‍.ഇ.പിക്ക് സമര്‍പ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ പ്രോത്സാഹനത്തിനായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷനിലെ ഹരിതകേരളം ജില്ലാമിഷന്റെ സ്റ്റാളില്‍ ഇന്നുമുതല്‍ അഞ്ചു ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 9645119474 ,www.Green Cl-ean-Earth.org.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."