വസ്തു കബളിപ്പിച്ചെടുത്ത് ദാനം നല്‍കിയതായി പരാതി
മാവേലിക്കര: പലിശയ്ക്ക് പണം വാങ്ങിയതിന് ഈടായി നല്‍കിയ വസ്തു കബളിപ്പിച്ചെടുത്ത് ദാനം നല്‍കിയതായി പരാതി. നൂറനാട് പുലിമേല്‍ തെങ്ങില്‍ തെക്കതില്‍ മനോജാണ് നൂറനാട് അനന്തു എയര്‍ട്രാവല്‍സ് ഉടമ പുലിമേല്‍ അനന്തു ഭവനത്തില്‍ മധുസൂദനന്‍ പിള്ളയ്‌ക്കെതിരെ കബളിപ്പിക്കല്‍ സംബന്ധിച്ച് പരാതി നല്‍കിയതായി പത്രസമ്മേളനത്തില്‍ അറിയിച്ചത്. കഴിഞ്ഞ 5ന് മാധ്യമങ്ങളില്‍ മധുസൂദനന്‍ പിള്ളയുടെ ചിത്രം പതിച്ച ദാന വാര്‍ത്ത വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരക്കിയപ്പോഴാണ് താനും കുടുംബവും ചേര്‍ന്ന് പലിശയ്ക്ക് എടുത്ത തുകയ്ക്ക് ഈടായി നല്‍കിയ വസ്തുവാണ് ദാനമായി നല്‍കുന്നതെന്ന് അറിഞ്ഞതെന്നും ഇതിനെതിരെ മാവേലിക്കര മുന്‍സിഫ് കോടതിയില്‍ കേസ് കൊടുക്കുകയും ഇന്‍ജക്ഷന്‍ ലഭിക്കുകയും ചെയ്തിട്ടുള്ളതായി മനോജ് പറഞ്ഞു. 2007 മുതല്‍ തന്നെ ഈ വസ്തുവുമായി ബന്ധപ്പെട്ട് മധുസൂദനന്‍ പിള്ളയ്‌ക്കെതിരെ മാവേലിക്കര കോടതിയില്‍ കേസുകള്‍ നടന്നു വരുന്നതാണ്. പലിശയടക്കം മുതല്‍ തിരികെ നല്‍കുമ്പോള്‍ ആധാര പ്രകാരം ലഭിച്ച എല്ലാ അവകാശങ്ങളും ഒഴിഞ്ഞു നല്‍കാമെന്ന് മധുസൂദനന്‍പിള്ള സമ്മത പത്രം നല്‍കിയിട്ടുണ്ട് എന്നാല്‍ തുക മുഴുവന്‍ തിരികെ നല്‍കിയിട്ടും അവകാശം ഒഴിയാതെ ഇയാള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ദാന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് മനോജും അമ്മ ലീല എന്നിവര്‍ ചേര്‍ന്ന് മാവേലിക്കര മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വസ്തുവിന്‍മോലുള്ള യഥാര്‍ത്ഥ അവകാശികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു പ്രവര്‍ത്തികളും ഉണ്ടാവരുതെന്ന് കോടതി ഉത്തരവായി.
നൂറ് നാട് പോലീസില്‍ മധുസൂദനന്‍ പിള്ളയ്‌ക്കെതരെ നിരവധി സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചുള്ള പരാതികളും പല ക്രിമിനല്‍ കേസുകളും നിലനില്‍ക്കുന്നതായി മനോജ് പറയുന്നു. വസ്ഥു വീണ്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് ഭൂരഹിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വസ്തു ദാനം ചെയ്യുന്നതായി വ്യാജ പ്രചാരണം നടത്തി വാര്‍ത്തകള്‍ നല്‍കുന്നതെന്നും ഇതിനെതിരെ ക്രിമിനല്‍ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും മനോജ് മാവേലിക്കരയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."