തൊഴില്‍ നിഷേധം: കൊച്ചി റിഫൈനറിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കിയവര്‍ നിരാഹാരസമരത്തിലേക്ക്
കൊച്ചി: തൊഴില്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊച്ചി റിഫൈനറിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കിയവരും നാട്ടുകാരും അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.
പതിനായിരക്കണക്കിന് കരാര്‍ തൊഴിലവസരങ്ങള്‍ റിഫൈനറിയില്‍ നിലവിലുള്ളപ്പോള്‍ കുടിയിറക്കപ്പെട്ടവരെയും നാട്ടുകാരെയും മാറ്റി നിര്‍ത്തി കരാറുകാര്‍ ചില യൂനിയനുകളുടെ ഒത്താശയോടെ തൊഴില്‍ നിഷേധിക്കുകയാണെന്ന് കൊച്ചിന്‍ റിഫൈനറീസ് എവിക്ടീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പി.സി തോമസ് പറഞ്ഞു.കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളും ഹൈക്കോടതി വിധികളും അവഗണിച്ചുകൊണ്ടാണ് കരാറുകാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്.
25000 കോടി രൂപയുടെ ഐ.ആര്‍.ഇ.പി വികസനപദ്ധതികള്‍ വന്നപ്പോള്‍ പോലും കുടിയിറക്കപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാതെ 16,000 ഇതരസംസ്ഥാനതൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ കുറഞ്ഞ വേതനത്തിന് നിയമിക്കുകയായിരുന്നു.ചില യൂനിയനുകളുടെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്. തൊഴില്‍ നല്‍കാതെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് നാളെമുതല്‍ കുടിയിറക്കപ്പെട്ടവരും നാട്ടുകാരും പ്രക്ഷോഭത്തിലേക്കുനീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റിഫൈനറിക്കുചുറ്റും താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനേജ്‌മെന്റ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കാനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകണമെന്നും പി.സി തോമസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുരളി, ജോസ് പാറേക്കാട്ടില്‍, മഹേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."