കാറ്റും മഴയും; മൂവാറ്റുപുഴയില്‍ വ്യാപക നാശം
മൂവാറ്റുപുഴ: കാറ്റും മഴയും മൂവാറ്റുപുഴയില്‍ വ്യാപക നാശംവിതച്ചു. വേനല്‍ മഴയക്കൊപ്പം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ശക്തമായ മഴയും, കാറ്റും ആഞ്ഞ് വീശിയത്. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് തണല്‍ മരം നാഷ്ണല്‍ പെര്‍മിറ്റ് ലോറിയിലേയ്ക്ക് മരം മറിഞ്ഞ് വീണു.
മരം ലോറിയില്‍ തടഞ്ഞ് നിന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ റോഡരികില്‍ നിന്ന വാഗമരം ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. വൈദ്യുതി ബന്ധം താറുമാറായി. മൂവാറ്റുപുഴ ലതാ പാര്‍ക്കിന് സമീപം റോഡിലേയ്ക്ക് മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കാവുംപടി റോഡില്‍ മരം വീണ് ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണു. മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്‌കൂളിന്റെ കോമ്പോണ്ടില്‍ നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണു.
മൂവാറ്റുപുഴ ഹോളി മാഗി പള്ളിയുടെ ചാര്‍ത്തിലേയക്ക് മരം വീണ് ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.മൂവാറ്റുപുഴതേനി ഹൈവേയില്‍ കിഴക്കേക്കര, രണ്ടാര്‍ ഭാഗങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാറ്റില്‍ രണ്ടാര്‍, കിഴക്കേക്കര,മണിയംകുളം കവല മേഖലകളില്‍ വ്യാപക നാശം വിതച്ചു. കിഴക്കേകരയില്‍ കാര്‍പോര്‍ച്ചിന് മുകളിലേയ്ക്ക് മരം വീണു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കൃഷി നാശവും സംഭവിച്ചു. വെള്ളൂര്‍കുന്നത്ത് കണ്ണാശുപത്രിയ്ക്ക് സമീപം മരം റോഡിലേയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളൂര്‍ കുന്നം ജനശക്തി റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇളങ്ങവം റേഷന്‍കടപടി മുതല്‍ വാരപ്പെട്ടി കവല വരെ റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. കച്ചരിത്താഴത്ത് വാഹനത്തിന് മുകളിലേയ്ക്ക് തണല്‍ മരം മറിഞ്ഞ് വീണതോടെ ഗതാഗതം തടസപ്പെട്ടു. കൂറ്റംതണല്‍ മരം മുറിച്ച് മാറ്റുന്നതിനായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും ക്രയിനും മരം മുറിച്ച് മാറ്റുന്നതിന് പരിചയ സമ്പന്നരായ ടിംബര്‍ തോഴിലാളികളെ ആവശ്യമായി വരികയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ സ്ഥലത്തെത്തി ആരക്കുഴയില്‍ നിന്നും ടിംബര്‍ തൊഴിലാളികളെ വിളിച്ച് വരുത്തിയാണ് മരം മുറിച്ച് മാറ്റിയത്.
മരത്തിന്റെ അടിഭാഗം മാറ്റുന്നതിനായി ക്രയിന്‍ ഉപയോഗിക്കേണ്ടി വന്നു. ഗതാഗതം തടസപ്പെട്ടതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തു. പോലീസിന്റെ ക്രിയാത്മകമായ ഇടപെടലിനെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിച്ചാണ് ക്രെയിന്‍ സ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് മരത്തിന്റെ ചുവട് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പൊലിസും, ഫയര്‍ഫോഴ്‌സും, ജനപ്രതിനിധികളും, നാട്ടുകാരും രാത്രി വൈകിയും പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കി.രാത്രി വൈകിയും നഗരത്തില്‍ ഗതാഗതം തസപ്പെട്ടു.
പ്രധാനപ്പെട്ട റോഡുകളിലെല്ലാം മരം വീണ് ഗതാഗതം തടസപ്പെട്ടത് ഗതാഗത കുരുക്ക് രൂക്ഷമായി. രാത്രി വൈകിയും നഗരത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."