മയക്കുമരുന്ന് കേസുകളില്‍ വലയിലായത് പൊടിമീനുകള്‍: വന്‍ സ്രാവുകള്‍ ഇപ്പോഴും കാണാമറയത്ത്
നെടുമ്പാശ്ശേരി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലാകുന്ന കേസുകളില്‍ പതിവ് പോലെ ഇത്തവണയും അന്വേഷണം വഴിമുട്ടുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്ത് നിന്നും രണ്ട് കിലോഗ്രാം കൊക്കയിന്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ സ്വദേശി ഡുറന്‍സോള ജോണി അലക്‌സാണ്ടര്‍ എന്നയാള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച പിടിയിലായ കേസിലാണ് തുടരന്വേഷണം വഴിമുട്ടിയത്.
ഭരണ ഉദ്യോഗസ്ഥ തലങ്ങളില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വന്‍ സ്വാധീനവും ഭീഷണിയുമാണ് യദാര്‍ഥത്തില്‍ അന്വേഷണം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കാന്‍ ഇടയാക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാല് വിദേശികള്‍ അടക്കം ഏഴ് പേരാണ് നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നത്.ഇവരില്‍ ഒരാളെ പോലും റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ഇവരെ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ കണ്ണികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ.കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ബ്യുറോ, സി.ഐ.എസ്.എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് എന്നീ അന്വേഷണ ഏജന്‍സികളാണ് നെടുമ്പാശ്ശേരിയില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലേക്ക് കടത്താന്‍ കൊണ്ടുവന്ന 30 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് പാലക്കാട് സ്വദേശികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.
ഈ കേസില്‍ കുവൈറ്റില്‍ ഇരുന്ന് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന കാസര്‍കോട് സ്വദേശിയായ 'ഭായി' എന്നു വിളിക്കുന്ന സംഘതലവനെ വരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.എന്നാല്‍ ഞൊടിയിടയില്‍ കേസന്വേഷിക്കുന്ന പ്രധാന ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയാണ് ഈ കേസ് അട്ടിമറിച്ചത്.
ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വിദേശത്ത് നിന്നും ഫോണില്‍ വധഭീഷണി ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ പിന്നീട് ഇക്കാര്യം ഉദ്യോഗസ്ഥര്‍ നിഷേധിച്ചെങ്കിലും അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടു നീങ്ങിയില്ല എന്നതാണ് വസ്തുത.പിടിക്കപ്പെട്ടവര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് ആ പ്രഖ്യാപനവും ജലരേഖയായി.
എയര്‍ കാര്‍ഗോ വഴി വിദേശത്തേക്ക് കയറ്റി അയക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം രണ്ട് തവണ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പിടികൂടിയിരുന്നു. ഈ കേസില്‍ കാര്‍ഗോ ബുക്ക് ചെയ്തിരുന്ന ഏജന്‍സികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘങ്ങളെ കണ്ടെത്താന്‍ സാഹചര്യമുണ്ടായിട്ടും അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.
കൊക്കയില്‍ കടത്താന്‍ ശ്രമിച്ച് മൂന്ന് വിദേശ പൗരന്‍മാര്‍ മുന്‍പ് പിടിയിലായ കേസുകളിലും ഇത് തന്നെയായിരുന്നു സ്ഥിതി. പിടിക്കപ്പെടുന്നവരെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയക്കുന്നതിനൊപ്പം അന്വേഷണവും അവസാനിപ്പിക്കുകയാണ്. വിവിധയിനങ്ങളില്‍പ്പെട്ട 86 കോടി രൂപയുടെ മയക്കുമരുന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നത്.ഇതില്‍ ഇവിടെ നിന്നും വിദേശത്തേക്ക് അയക്കാന്‍ ശ്രമിച്ച 33 കോടി രൂപയുടെ എം.ഡി.എം.എ, എഫഡ്രിന്‍ എന്നീ മയക്കുമരുന്നുകള്‍ വിദേശത്ത് എത്തുന്നതോടെ വില പതിന്‍മടങ്ങായി വര്‍ധിക്കും.
നിരവധി തവണ വിമാനത്താവളം വഴി പിടിക്കപ്പെടാതെ മയക്കുമരുന്ന് വിദേശത്തേക്കും, തിരിച്ചും വന്നതിനു ശേഷമാണ് ഇടയ്ക്ക് പിടിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു വസ്തുത. നെടുമ്പാശ്ശേരിയില്‍ പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകള്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്താല്‍ മാത്രമേ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുവാന്‍ കഴിയു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."