ബഹ്‌റൈനിലെ ഷിഫ അല്‍ ജസീറ ആശുപത്രി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: ബഹ്‌റൈനില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മനാമയിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫയീഖ ബിന്‍ത് സഈദ് അല്‍ സാലേ നിര്‍വ്വഹിച്ചു. എന്‍എച്ച്ആര്‍എ സിഇഒ ഡോ. മറിയം ജലാഹ്മ വിശിഷ്ടാതിഥിയായിരുന്നു.
ഉദ്ഘാടന ശേഷം മന്ത്രിയും ഡോ. മറിയം ജലാഹ്മയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ കെട്ടിടം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. മികച്ച ആധുനിക സൗകര്യത്തോടെയുള്ള മെഡിക്കല്‍ സെന്റര്‍ ബഹ്‌റൈനിലെ ജനങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണെന്നും സൗകര്യങ്ങള്‍ മതിപ്പു നല്‍കുന്നതായും മന്ത്രി പ്രതികരിച്ചു. ഇത്തരം മെഡിക്കല്‍ സെന്ററുകളും സംവിധാനങ്ങളുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആധുനിക ചികിത്സ ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്‍തുണയും ഉണ്ടാകും. ആധുനിക രീതിയില്‍ സജ്ജീകരിച്ച ഷിഫ മെഡിക്കല്‍ സെന്റര്‍ അത്തരത്തിലുള്ളതാണ്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും ഇതു കാരണമാകും. ജി.സി.സിയില്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങളാണ് ബഹ്‌റൈനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന ചടങ്ങില്‍ മനാമ എംപി അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, മുന്‍ എംപി ഹസന്‍ ബുഖമാസ്, ഷിഫ സിഇഒയും ഡയരക്ടറുമായ ഹബീബ് റഹ്മാന്‍ വേങ്ങൂര്‍, ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഡോ. സുജീത് ലാല്‍, ഷിഫ അല്‍ ജസീറ റിയാദ് ജനറല്‍ മാനേജര്‍ ഹംസ പൂക്കയില്‍, നസീം ജിദ്ദ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ കെടി യൂനസ്, ന്യൂ ഗുലൈയ്ല്‍ പോളി ക്ലിനിക്ക് ജനറല്‍ മാനേജര്‍ ഹര്‍ഷാദ് നൗഫല്‍, ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഷിഫ അ്ഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത നിശയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."