വന്യമൃഗശല്യം മണ്ണൊരുമൈ മീട് പോര്‍ സമരസമിതി ധര്‍ണ ആരംഭിച്ചു
ഗൂഡല്ലൂര്‍: എല്ലാ വീടുകള്‍ക്കും വൈദ്യുതി നല്‍കുക, കൃഷി ഭൂമിക്കും പട്ടയം കൊടുക്കുക, ടി.എന്‍.പി.പി.എഫ് നിയമം റദ്ദ് ചെയ്യുക, ടാന്‍ടീയെ സംരക്ഷിക്കുക, വന്യമൃഗ ശല്ല്യത്തില്‍ നിന്നും സംരക്ഷണം നല്‍കുക, സര്‍ക്കാര്‍ തുറക്കപ്പെട്ട ജയിലറയാക്കിയ ഓവേലി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മണ്ണൊരുമൈ മീട് പോര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഗൂല്ലൂര്‍ ഗാന്ധി മൈതാനിയില്‍ ധര്‍ണ ആരംഭിച്ചു. ധര്‍ണ ഇന്ന് അവസാനിക്കും.
സ്‌കൂളുകളിലും കോളജുകളിലും പഠനം നടത്തുന്ന ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് പഠനം തുടരാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെയുള്ള ആന ശല്ല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലാണ് നാട്ടുകാര്‍. ഇക്കാരണത്താല്‍ തന്നെ വന്യമൃഗങ്ങളുടെ പരാക്രമത്തില്‍ മരണം സംഭവിക്കുന്നയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ധര്‍ണ സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ദ്രാവിഡമണി എം.എല്‍.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍, എം.ഡി.എം.കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി മലൈസത്യ, വിടുതലൈ ശിരുത്തൈ കക്ഷി സെക്രട്ടറി ഉഞ്ചൈ അരന്‍, കെ.എ ശിവകുമാര്‍, പാര്‍വേന്ദന്‍, മനോഹരന്‍, മനിതനേയ മക്കള്‍ കക്ഷിയുടെ ഗുഡല്ലൂര്‍ താലൂക്ക് സെക്രട്ടറി സാദിഖ് ബാബു സംസാരിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എന്‍. വാസു അധ്യക്ഷനായി. വിടുതലൈ ശിരുതൈ കക്ഷി ജില്ലാ സെക്രട്ടറി സഹദേവന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."