കുടിവെള്ളം കൊടുക്കാന്‍ മടിക്കരുത്
കേരളത്തില്‍ വെള്ളക്ഷാമം കൂടുതലനുഭവപ്പെടുന്ന വേനല്‍കാലമാണ് വരുന്നത്. വെള്ളത്തിന്റെ മൂല്യവും അത് പാഴായിപ്പോകുന്നതിന്റെ അപകടത്തെപറ്റിയും മലയാളി ബോധവാനായിരിക്കണം. എല്ലാറ്റിലും അമിത വ്യയം ശീലിച്ചിട്ടുളള നമ്മള്‍ വെള്ളക്ഷാമത്തിന്റെ കെടുതികള്‍ മുന്‍കൂട്ടി കണ്ടില്ലായെങ്കില്‍ അനുഭവിക്കേണ്ടി വരും, തീര്‍ച്ച. ഇപ്പോള്‍ തന്നെ കിണറുകളും പുഴകളും തോടുകളുമെല്ലാം വറ്റിവരണ്ടിരിക്കുന്നു. കിലോമീറ്ററുകള്‍ താണ്ടി വെള്ളം കൊണ്ടുവരേണ്ട ഗതികേട് പല വീടുകള്‍ക്കുമുണ്ട്.
ലോകത്തിലെ മൊത്തം വെള്ളത്തിന്റെ 97 ശതമാനവും സമുദ്രത്തിലാണെങ്കില്‍ അവയത്രയും ഉപ്പ് രസമുള്ളതാണെന്നും ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധ ജലമുള്ളതെന്നും അത് ജലസ്രോതസ്സുകളായ ഭൂഗര്‍ഭജലം, നദികള്‍, തടാകങ്ങള്‍ തുടങ്ങിയവകളില്‍ നിന്നു ലഭിക്കണമെന്നും അറിയുന്ന നമ്മള്‍ റോഡുകള്‍ക്കും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുമായി ജലസ്രോതസ്സുകളെല്ലാം നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ഓരോ നാട്ടിലൂടെയും ഓഴുകിക്കൊണ്ടിരുന്ന തോടുകളും അരുവികളും മനുഷ്യന് ആവശ്യമായ ശുദ്ധജലം നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. മഴയില്‍ നിന്നും ഉറവകളില്‍ നിന്നും വെള്ളം തോടുകളിലൂടെ പുഴകളിലും നദികളിലുമെത്തുകയും അവിടെനിന്ന് സമുദ്രത്തിലെത്തുകയും ചെയ്തിരുന്ന പ്രക്രിയകളെല്ലാം അസ്തമിച്ചിരിക്കുന്നു. കുന്നുകളില്‍നിന്നും മലകളില്‍നിന്നും കുത്തിയൊലിച്ച് വന്നിരുന്ന വെള്ളമാണ് അരുവികളിലും തോടുകളിലും ഉണ്ടായിരുന്നത്. പക്ഷേ, കുന്നുകളും മലകളും ഇടിച്ചുനിരത്തിയതോടെ ആ സ്രോതസ്സുകളെല്ലാം ഇല്ലാതായി.
വെള്ളം അമൂല്യമാണ്. കുടിക്കാനും കുളിക്കാനും പാചകത്തിനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം വെള്ളം അത്യാവശ്യമാണ്. വെള്ളത്തിന്റെ അഭാവത്തില്‍ മനുഷ്യജീവിതം തന്നെ അസാധ്യമാണ്. മനുഷ്യന് മാത്രമല്ല വെള്ളത്തിന്റെ ആവശ്യമുള്ളത്. എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം അനിവാര്യമാണ്.
അന്നത്തിലേറെ ജീവജാലങ്ങള്‍ക്ക് നിര്‍ബന്ധമുള്ളത് വെള്ളമാണ്. ജീവന്റെ നിലനില്‍പിന് വെള്ളം കൂടിയേ തീരു. കാട്ടിലെ തോടുകളും അരുവികളും വറ്റി വരണ്ടപ്പോള്‍ വന്യജീവികള്‍ നാട്ടിലിറങ്ങാന്‍ അതാണ് കാരണം.
വനങ്ങള്‍ക്കും സസ്യങ്ങള്‍ക്കും മനുഷ്യരെപ്പോലെ വെള്ളം കിട്ടേണ്ടതുണ്ട്. ഭൂമിയിലെ വെള്ളത്തിന്റെ വലിയൊരു ശതമാനം സസ്യങ്ങളാണ് വലിച്ചെടുക്കുന്നത്. വെള്ളത്തിന്റെ അഭാവത്തില്‍ അവയെല്ലാം ഉണങ്ങുന്നതും അത് പരിസ്ഥിതിയെ സാരമായി ബാധിക്കുന്നതുമാണ്. ഇന്ന് കണ്ടുവരുന്ന പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്ക് കാരണം പ്രകൃതിയുടെ നാശമാണ്.
ശുദ്ധജലമാണ് മനുഷ്യന് ആവശ്യം. മനുഷ്യന്റെ ശരീരത്തില്‍ 95 ശതമാനവും വെള്ളമാണ്. ഭൂമിയില്‍ ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജലം തന്നെ അശുദ്ധമാണെന്നത് വലിയൊരു പ്രതിസന്ധിയാണ്. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യത വര്‍ധിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ജലസംരക്ഷണത്തിനായി ആഗോളതലത്തില്‍ സംഘടനകളും പ്രവര്‍ത്തനങ്ങളുമുണ്ടെങ്കിലും ഫലം കാണാതെ പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്റര്‍ നാഷനല്‍ വാട്ടര്‍ ഹിസ്റ്ററി അസോസിയേഷന്‍(1999), വേള്‍ഡ് വാട്ടര്‍ കൗണ്‍സില്‍ (1994), ഗ്ലോബല്‍ വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് (1996), വേള്‍ഡ് വാട്ടര്‍ ഫോറം(1997), ഇന്റര്‍ നാഷനല്‍ കമ്മിഷന്‍ ഓഫ് ഇറിഗേഷന്‍ ആന്റ് ഡ്രയ്‌നേജ് (1950) തുടങ്ങിയ സംഘടനകള്‍ വെള്ളത്തെ കുറിച്ചുള്ള വ്യത്യസ്ത പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വേനല്‍കാലത്തേക്ക് വെള്ളം സൂക്ഷിച്ചു വയ്‌ക്കേണ്ടതിന്റെ ആവശ്യവും ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതിന്റെ ഗൗരവവും അത്തരം സംഘടനകളും മറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും നാം അവയെല്ലാം അവഗണിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ശുദ്ധജല ദൗര്‍ലഭ്യത നിത്യേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പ്രകൃതിയോട് മനുഷ്യന്‍ ചെയ്ത ക്രൂരതകള്‍ വെള്ളത്തെ മലിനമാക്കുന്നതിനും വെള്ളം കിട്ടാകനിയാക്കുന്നതിനും കാരണമായിട്ടുണ്ട്. കമ്പനികളില്‍നിന്നു പുറംതള്ളുന്ന മലിനവും വിഷം കലര്‍ന്നതുമായ വെള്ളം മനുഷ്യന്റെ കുടിവെള്ളം മുട്ടിക്കുകയാണുണ്ടായത്. ഭൂഗര്‍ഭങ്ങളില്‍നിന്നു വെള്ളം ഊറ്റിയെടുക്കുന്നതിലും അത് കച്ചവടമാക്കുന്നതിലും നമ്മള്‍ കാണിച്ച അതിമോഹം പക്ഷേ, നമുക്ക് തന്നെ തിരിച്ചടി ആയിരിക്കയാണ്. വെയില്‍ ചൂട്കൂടിയതും ഉറവകള്‍ കുറഞ്ഞുപോയതും വെള്ളം പെട്ടെന്ന് തീര്‍ന്ന് പോകാന്‍ കാരണമാകുന്നുണ്ട്. ആവശ്യത്തിന് തികയാതെ വരുന്ന വേനല്‍കാലത്ത് സര്‍വത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനും പരസ്പര സഹകരണത്തോടെ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൈമാറുന്ന വിശാല മനസ്സ് ഉണ്ടാക്കിയെടുക്കാനും നമുക്ക് സാധിക്കണം. കോരുന്ന കിണറ്റിലാണ് വെള്ളമുണ്ടാവുക എന്ന് പഴമക്കാര്‍ പറയാറുണ്ട്. കൊടുക്കുന്നവര്‍ക്കാണ് ദൈവം വീണ്ടും നല്‍കിക്കൊണ്ടിരിക്കുക.
ഈ വേനല്‍കാലത്ത്, ചിലയിടങ്ങളിലെങ്കിലും ശേഷിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സുകള്‍ നാം അതിന്റെ അവകാശികളാണെങ്കിലും അപരര്‍ക്ക് വിലക്കാതിരിക്കുന്നതായിരിക്കും ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ നന്മ. അത്യാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക്, സ്വന്തം കിണറാണെങ്കിലും ഒഴിഞ്ഞു കൊടുക്കാനും സഹകരിക്കാനും ഈ വേനല്‍ കാലത്ത് നല്ല മനസ്സുണ്ടാവട്ടെ.
വെള്ളത്തിന്റെ മിച്ചം തടഞ്ഞുവയ്ക്കുന്നതിനെ തിരുനബി(സ്വ) നിരുത്സാഹപ്പെടുത്തുന്നുണ്ട്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: വെള്ളത്തിന്റെ ബാക്കി നിങ്ങള്‍ തടഞ്ഞുവയ്ക്കരുത്(ബുഖാരി, മുസ്‌ലിം). മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ നോട്ടം ലഭിക്കാത്ത മൂന്നാളില്‍ ഒരാളാണ് മിംവന്ന വെള്ളം യാത്രക്കാരന് തടയുന്നവന്‍ (ബുഖാരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."