കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് മെഡിക്കല്‍ കോളജ് അനുവദിക്കണം: ജനകീയ ആക്ഷന്‍ കമ്മിറ്റി
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പിജി മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കാസര്‍കോടിനൊരിടം, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം എന്നീ സംഘടനകള്‍ സംയുക്തമായി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് നിയുക്ത മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായത്. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജില്ലാത്ത സ്ഥിതിക്ക് പി.ജി മെഡിക്കല്‍ കോഴ്‌സ് കേന്ദ്ര സര്‍വകലാശാലക്ക് അവകാശപ്പെട്ടതാണെന്നും യോഗം വിലയിരുത്തി. ഉപരാഷ്ട്രപതി പെരിയയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ച മെഡിക്കല്‍ കോളജ് കോഴ്‌സ് മറ്റു ജില്ലകളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായാല്‍ പ്രതിരോധിക്കും. സംസ്ഥാന മെഡിക്കല്‍ കോളജ് വൈകുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി ഏറെ ഉപകരപ്രദമായിരിക്കും പിജി കോഴ്‌സ്. അടുത്ത കേന്ദ്ര സര്‍വകലാശാല എക്‌സിക്യുട്ടീവ് യോഗത്തില്‍ പ്രധാന അജന്‍ഡയായി ഈ വിഷയം ഉന്നയിക്കാനും യോഗത്തില്‍ തീരുമാനമായി.
മെഡിക്കല്‍ കോഴ്‌സുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലറുമായി 16ന് ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റികളോടും ഇത് സംബന്ധമായ പ്രമേയം പാസാക്കി നല്‍കാന്‍ യോഗം അഭ്യര്‍ഥിച്ചു.
വിവിധ സര്‍വകക്ഷി പ്രതിനിധികള്‍ അംഗങ്ങളായ ആക്ഷന്‍ കമ്മിറ്റിയില്‍ എം.പിയും ജില്ലയിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരികളാണ്. മറ്റ് ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട് (ചെയര്‍മാന്‍), അഡ്വ. ശ്രീകാന്ത് (ജനറല്‍ കണ്‍വീനര്‍), കെ.സി ഇര്‍ഷാദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."