നാശം വിതച്ച് പൊടിക്കാറ്റ്: മരണം 60 ആയി , ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: നാശം വിതച്ച് രാജ്യത്ത് വീണ്ടും പൊടിക്കാറ്റും മഴയും ശക്തമാവുന്നു. കാറ്റിലും മഴയിലും 60 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് മരണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ മാത്രം 38 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു വിനോദ സഞ്ചാരിയും ഉള്‍പെടുന്നു. 28ലേറെ പേര്‍ക്കി പരുക്കുണ്ട്. ആന്ധ്രയില്‍ എട്ടും തെലങ്കാനയില്‍ മൂന്നു പേരും മരിച്ചു. പശ്ചിമ ബംഗാളില്‍ നാലു കുട്ടികളടക്കം പന്ത്രണ്ടു പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ കാറ്റിലും മഴയിലും അഞ്ചുപേര്‍ മരിച്ചു.
പൊടിക്കാറ്റ് നിറഞ്ഞതോടെ ഞായറാഴ്ച വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചിരുന്നു.നാല്‍പ്പതോളം സര്‍വീസുകള്‍ വഴിമാറ്റുകയും ചെയ്തു.
സംസ്ഥാനത്തെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഇതു കാരണം കാഴ്ച്ച തടസപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. മെട്രോയും റോഡ് ഗതാഗതവും പൊടിക്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ടു. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 72 മണിക്കൂര്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഉത്തരേന്ത്യയിലുണ്ടായ കാറ്റിലും മഴയിലും 134 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."