കുണ്ടറ പീഡനം:പ്രതിഷേധം ശക്തമാകുന്നു
കൊല്ലം: കുണ്ടറ നാന്തിരിക്കല്‍ സ്വദേശിനിയായ 10 വയസുകാരിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തില്‍ പെണ്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ ലൈംഗിക പീഡനത്തിനും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കും ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. പീഡനത്തില്‍ പ്രതികളായവരെ രക്ഷിക്കാന്‍ പൊലിസിലെ ഒരു വിഭാഗം ശ്രമിക്കുന്നെന്നാരോപിച്ചും സമാധാനപരമായി പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ സി.പി.എം ഗുണ്ടകളും പൊലിസും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് കുണ്ടറ അസംബ്ലി മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
പ്രതിഷേധത്തിന്റെ ആദ്യ ദിവസം കോണ്‍ഗ്രസ് ഉപരോധത്തിന് എത്തിയ പ്രവര്‍ത്തകരെ പൊലിസ് സാന്നിധ്യത്തിലാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചത്. ക്രൂരമായി മര്‍ദനമേറ്റ വനിതാ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന് പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദനത്തില്‍ പ്രതിഷേധിച്ചു രണ്ടാം ദിവസം കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കുണ്ടറ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ജി.പ്രതാപവര്‍മ്മ തമ്പാന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആന്റണി ജോസ്, കെ. ആര്‍.വി സഹജന്‍, നടുക്കുന്നില്‍ വിജയന്‍, ജി. കൃഷ്ണവേണി ശര്‍മ്മ, രഘു പാണ്ഡവപുരം, പ്രദീപ്കുമാര്‍, എസ്.ജെ പ്രേംരാജ്, പ്രദീപ് മാത്യു, അനീഷ് പടപ്പക്കര എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സമാധാനപരമായി പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് സ്റ്റേഷന് നേരെയും ആരോ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലിസ് മാര്‍ച്ചിനെത്തിയ വനിതകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരേ ക്രൂരമായ ലാത്തി ചാര്‍ജ് നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. പീഡനത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പടെ പ്രതികളെന്ന് സംശയിക്കുന്ന 9 പേരെ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ കൊല്ലം റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നെങ്കിലും പ്രതികള്‍ ആരൊക്കെയാണെന്ന് അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി 15 നാണ് പെണ്‍കുട്ടി വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്ത ദിവസം പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗീക പീഡനം നടന്നതായി സൂചനകളുണ്ടായിട്ടും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കാത്തതിനാല്‍ രണ്ട് മാസമായി കേസ് തേഞ്ഞു മാഞ്ഞ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പിതാവ് പുറത്ത് വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
എന്നാല്‍ മകളെ പീഡിപ്പിച്ച കേസില്‍ തന്നെ ഭാര്യയും ഭാര്യപിതാവും ചേര്‍ന്ന് മനഃപൂര്‍വം കുടുക്കിയതാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലന്നും പിതാവ് പറയുന്നു. പിതാവിന്റെ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ മാതാവിന്റെയും ബന്ധുക്കളുടെയും പങ്കാണ് പൊലിസ് തെളിയിക്കപ്പെടേണ്ടത്. ഇതിനിടയില്‍ മകള്‍ മരിക്കാന്‍ ഇടയായ യഥാര്‍ത്ഥ കുറ്റവാളിയെ തനിക്കറിയാമെന്നും മരിച്ചാലും പുറത്തു പറയില്ലെന്നും കുട്ടിയുടെ മാതാവ് പൊലിസിനോട് പറഞ്ഞതായി വിവരമുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവം നടന്നത് സംസ്ഥാനത്തെ വനിതാ മന്ത്രി എം.എല്‍.എ ആയ മണ്ഡലത്തിലായിരുന്നിട്ടും മന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇതില്‍ വ്യാപകമായ പ്രതിഷേധം ഉണ്ട്. കസ്റ്റഡിയില്‍ ഉള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന പേരില്‍ പൊലിസും ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."