തസ്രാക്ക് കാഴ്ച്ചകള്‍: 'അപ്പുക്കിളി'യിലിരുന്ന് സുകുമാരന്‍ എഴുതുകയാണ്
പാലക്കാട്: ഒരു നോവല്‍ വായിച്ചതിന്റെ പ്രേരണ കൊണ്ട് മാത്രം ആ നോവല്‍ പിറന്ന ഭൂമികയില്‍ തന്നെ സ്വന്തമായൊരു ഭവനം നിര്‍മിച്ചിരിക്കുകയാണ് സാഹിത്യകാരനായ യാക്കര സ്വദേശി പി.വി സുകുമാരന്‍. 1968 കളില്‍ പുറത്തിറങ്ങിയ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ 1980 ലാണ് ഇദ്ദേഹം വായിക്കുന്നത്. തുടര്‍ന്ന് നിരവധി തവണ ഈ നോവല്‍ വായിക്കുകയും, നോവല്‍ പിറന്ന ഭൂമികയോടും കഥയിലെ കഥാപാത്രങ്ങളോടും തോന്നിയ ആത്മബന്ധമാണ് പി.വി സുകുമാരനെ തസ്രാക്കിലേക്ക് ആകര്‍ഷിച്ചത്.
എന്നാല്‍ ഇതിനാക്കാളേറെ മലയാളികളെ വിസ്മയിപ്പിച്ചത് 'അപ്പുക്കിളി' എന്ന തസ്രാക്കിലെ അദ്ദേഹത്തിന്റെ വീടിന്റെ പേരാണ്. നോവലില്‍ എഴുപതോളം കഥാപാത്രങ്ങളുണ്ടായിട്ടും പ്രധാന കഥാപാത്രങ്ങളായ രവി, അള്ളാപ്പിച്ചാ മൊല്ലാക്ക, മൈമുന എന്നീ കഥാപാത്രങ്ങളെക്കാളും അദ്ദേഹത്തെ സ്വാധീനിച്ചത് ബുദ്ധിമാന്ദ്യമുള്ള അപ്പുക്കിളി എന്ന കഥാപാത്രമാണ്.
വായനക്കാരെ ചിരിപ്പിക്കുകയും കരയിക്കുകയും 'ഏത്തോ' എന്ന വിളിയുമായി എല്ലാവരുടേയും അരികത്തേക്കെത്തുന്ന അപ്പുക്കിളിയേക്കാള്‍ നിഷ്‌കളങ്കനും സത്യസന്ധനുമായ മറ്റൊരു കഥാപാത്രം ഈ നോവലില്‍ തന്നെ ഇല്ലെന്നും ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടാതെ ഒരു ഭ്രാന്തനായി ജീവിക്കുക എന്നതില്‍പരം ജീവിതത്തില്‍ മറ്റൊരു ഭാഗ്യമില്ലെന്നാണ് സുകുമാരന്‍ പറയുന്നത്. 1981 മുതല്‍ക്ക് പാലക്കാട് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ പേഴ്‌സണല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തസ്രാക്കിലെത്തുന്നത്.
തുടര്‍ന്ന് അപ്പുക്കിളി എന്ന് തസ്രാക്കുകാര്‍ വിളിക്കുന്ന കിളി അണ്ണനില്‍ നിന്ന് വീട് വാങ്ങി. പിന്നീട് 2006ലാണ് ഇത് പുതുക്കിപണിയുന്നത്. പൂര്‍ണമായും പുസ്തക വായനക്കും എഴുത്തിനുമായി ഉപയോഗിക്കുന്ന ഈ വിട്ടിലെത്തുമ്പോള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്ന പ്രതീതിയാണ് ഇദ്ദേഹത്തിനുണ്ടാകുന്നത്.
ഈ നോവലിനോടുള്ള താല്‍പര്യം മൂലം പി.വി സുകുമാരന്‍ തസ്രാക്കിലേക്കിലേക്ക് ആദ്യമായി എത്തുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയെ ആസ്പതമാക്കി ഒരു ചെറുകഥ രചിച്ചിരുന്നു.
ഇപ്പോള്‍ പുതിയ തസ്രാക്കിലെ കഥാപാത്രങ്ങളെയും അവിടത്തെ അനുഭവങ്ങളെയും ആസ്പദമാക്കി ഒരു കഥ രചിക്കുന്നതിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം.
'ഖസാക്കിന്റെ ഇതിഹാസം' നാല്‍പ്പത്തൊമ്പത് വര്‍ഷം പിന്നിട്ടതിനു ശേഷവും പ്രതാപം ഒട്ടും മങ്ങാതെ തന്നെ ഇപ്പോള്‍ എഴുപത്തഞ്ചാം പതിപ്പിന്റെ പ്രകാശനത്തിനൊരുങ്ങി മുന്നോട്ട് കുതിക്കുകയാണ് നോവല്‍. എന്നാല്‍ തസ്‌റാക്കിലെ പച്ചമനുഷ്യരുടെ ജീവിതം കണ്ടറിഞ്ഞ സുകുമാരന്‍ പുതിയൊരു നോവല്‍ എഴുതാനുളള തയ്യാറെടുപ്പിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."