ചവറ ഐ.ആര്.ഇയില്‍ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്
ചവറ: ഐ.ആര്.ഇ കമ്പനി പടിയ്ക്കല്‍ നിരാഹാര സത്യാഗ്രഹത്തിനിടെ ആരോഗ്യനില വഷളായ സമരാഗംത്തെ അറസ്റ്റ് ചെയ്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.എന്‍.റ്റി.യു.സി യൂനിയനില്‍പ്പെട്ട സേവ്യറിനെയാണ് ചവറ പൊലിസ് സംഘം സത്യാഗ്രഹ പന്തലില്‍ എത്തി അറസ്റ്റ് ചെയ്ത് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച്ച സേവ്യറിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാവിലെ എട്ടരയ്ക്കെത്തിയ പൊലിസ് സംഘം പല തവണ സമരം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും ഇദ്ദേഹം അനുസരിച്ചില്ല. തുടര്‍ന്ന് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐ.ആര്.ഇ കമ്പനി പടിയ്ക്കല്‍ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കാലാവധി കഴിഞ്ഞ് നാലുവര്‍ഷമായിട്ടും ദീര്‍ഘകാല കരാര്‍ നടപ്പിലാക്കാത്ത ഐ.ആര്.ഇ മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് നിരാഹാര സത്യാഗ്രഹ സമരം നടക്കുന്നത്. സി.ഐ.റ്റി.യു, ഐ.എന്‍.റ്റി.യു.സി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആണ് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടക്കുന്നത്. നിരാഹാര സത്യാഗ്രഹ സമരം തുടങ്ങുന്നതിന് മുമ്പായി യൂനിയനുകളുടെ നേതൃത്യത്തില്‍ സത്യാഗ്രഹ സമരവും യോഗവും നടത്തിയിട്ടും മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യൂനിയനുകള്‍ സമരം ശക്തിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."