ഭീതിയില്‍ കടലോരം
ജില്ലയുടെ തെക്കേ അറ്റമായ വലിയപറമ്പ് പഞ്ചായത്ത് മുതല്‍ വടക്കേ അറ്റമായ മഞ്ചേശ്വരം വരേയുള്ള കടലോരം ഓരോ കാലവര്‍ഷക്കാലത്തും ഭീതിയുടെ മുള്‍മുനയിലാണ്. കടല്‍ കയറുമ്പോള്‍ കിടപ്പാടം വിട്ട് പോവേണ്ട അവസ്ഥയും വള്ളവും വലയുമടക്കം മത്സ്യബന്ധനോപകരണങ്ങള്‍ കടലെടുക്കുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ട ഗതികേടിലുമാണ് ഈ കടലോര ജനത.
24 കിലോമീറ്റര്‍ കടലോരമുളള തീരമാണ് വലിയപറമ്പ പഞ്ചായത്ത്. എന്നും കടലാക്രമണ ഭീഷണിയില്‍ മാത്രം ജീവിക്കുന്ന തീരദേശവാസികള്‍. കടല്‍ ഭിത്തി നിര്‍മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രദേശത്തെ വീടുകള്‍ ഏത് സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന സ്ഥലമാണ് വലിയപറമ്പ കടല്‍തീരം. കലി തുള്ളി കരയിലേക്ക് പാഞ്ഞു കയറുന്ന തിരമാലകള്‍ ഇവരുടെ ആധി വര്‍ധിപ്പിക്കുന്നു. ഇവിടെ കടല്‍ ഭിത്തി നിര്‍മിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എന്നാല്‍ ഇത് കേട്ടില്ലെന്ന മട്ടിലാണ് അധികൃതര്‍. കാലവര്‍ഷക്കാലത്തിലാണ് ഇവരുടെ ഉറക്കം കെടുന്നതെങ്കില്‍ ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റ് പോലുള്ള പ്രതിഭാസങ്ങള്‍ ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ട്രോളിങ് നാളുകള്‍ക്ക് പുറമെ അപ്രതീക്ഷിതമായി എത്തുന്ന മറ്റ് സംഭവ വികാസങ്ങളും ഇവരുടെ മത്സ്യബന്ധനത്തിന് തടസമാകുന്നു. ഇതാകെട്ട കടുത്ത പട്ടിണിയിലേക്കാണ് ഇവരെ തള്ളിവിടുന്നത്. മാറി മാറിവരുന്ന ജനപ്രതിനിധികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നാണ് ഇവരുടെ ആരോപണം. ഏത് നിമിഷവും കുടുംബത്തെ കടല്‍ എടുക്കുമെന്ന ഭീതിയിലാണ് ഇവിടത്തെ കുടുംബങ്ങള്‍. അതേസമയം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ പോലും കിട്ടുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.
ജില്ലയുടെ 84 നാല് കിലോമീറ്ററോളം വരുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ് പഞ്ചായത്തില്‍ കടലാക്രമണം മൂലം കരയിടിച്ചില്‍ രൂക്ഷമാകുന്ന അവസ്ഥയുമുണ്ട്. ദ്വീപിന്റെ തെക്കന്‍ മേഖലയിലാണു പ്രധാനമായും കടലാക്രമണം രൂക്ഷമാകുന്നത്.
കാലവര്‍ഷത്തിലും അല്ലാത്ത സമയത്തും വീടുകളിലേക്ക് തിരമാലകള്‍ ആഞ്ഞുയര്‍ന്നു വരുന്നത് വലിയപറമ്പില്‍ പതിവ് കാഴ്ചയായി മാറി. കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ തീരവനം പദ്ധതിയില്‍ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങളെ പോലും പിഴുതെടുക്കുന്നതായി കടലേറ്റം. കടലിനും കായലിനും മധ്യത്തില്‍ നൂറു മീറ്ററില്‍ താഴെ മാത്രം കരയ്ക്ക് വീതിയുള്ള പ്രദേശങ്ങളില്‍ കടലിനെ പ്രതിരോധിക്കാന്‍ സംരക്ഷണ ഭിത്തി ഇല്ലാത്തതു ജനങ്ങളെ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. സമീപകാലത്ത് കടല്‍ത്തീരത്തുനിന്ന് വ്യാപകമായി മണല്‍തിട്ടകള്‍ വെട്ടിയെടുത്തു മാറ്റിയത് കടലിന് എളുപ്പത്തില്‍ കര കവര്‍ന്നെടുക്കാന്‍ സഹായകരമായിട്ടുണ്ട്.
കലാക്രമണ കാലത്ത് ഉപ്പള മുസ്സോടി അദീക്ക കടപ്പുറമാണ് ഏറ്റവും രൂക്ഷമായ വിഷമതകള്‍ അനുഭവിക്കുന്നത്. ഓരോ കടലേറ്റക്കാലത്തും വീടൊഴിഞ്ഞ് പോയി പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടുന്ന കുടുംബങ്ങളുടെ അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. കടലാക്രമണ കാലത്തെ സന്ദര്‍ശനവും ഈ സമയത്ത് കടലില്‍ കല്ലിടലുമല്ലാതെ, മറ്റൊന്നും ജനപ്രതിനിധികളുടെ ഭാഗത്ത് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. ഒരു കാലവര്‍ഷം കൂടി കടന്നുവരുമ്പോള്‍ മുസ്സോടി അദീക്ക കടപ്പുറത്തെ താമസക്കാര്‍ ഭീതിയുടെ നടുക്കടലിലാണ്. കടലിന് കടല്‍ഭിത്തിയെന്ന ഇവരുടെ ആവശ്യത്തിന് പരിഹാരം മാത്രം ഉണ്ടാകുന്നില്ല.
കടലാക്രമണ കാലത്ത് ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂര്‍, സദ്ദാംമുക്ക്, കോട്ടിക്കുളം, ബേക്കല്‍, കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങിയ കടലോരങ്ങള്‍ നേരിടുന്ന അവസ്ഥ ഒന്നുതന്നെയാണ്. എന്നാല്‍ കാസര്‍കോട് ഇന്നും പണിതീരാതെ കിടക്കുന്ന പുലിമുട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലാതെ കിടക്കുകയാണ്. അതേസമയം കാസര്‍കോട് കടല്‍ കയറുന്നത് തടയാന്‍ കെട്ടിയുയര്‍ത്തിയ കടല്‍ഭിത്തി കടല്‍ തന്നെ വിഴുങ്ങിയ അവസ്ഥയിലാണ്.
കടല്‍ കരകയറുമ്പോള്‍ പുനരധിവാസം, ചെറിയ നഷ്ടപരിഹാരം, മുന്നറിയിപ്പ് നല്‍കല്‍, സൗജന്യ റേഷന്‍ എന്നീ പതിവ് ക്രിയകള്‍ക്ക് പകരം ബദല്‍ സംവിധാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് അധികൃതരെ ഓര്‍മിപ്പിക്കാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."