അപകടക്കെണിയൊരുക്കി പാല്‍ചുരം റോഡ്
മാനന്തവാടി; അപകടക്കെണിയൊരുക്കി പാല്‍ചുരം റോഡ്. മാനന്തവാടിയില്‍ നിന്നും എളുപ്പത്തില്‍ കണ്ണൂര്‍ ജില്ലയുമായി ബന്ധപ്പെടുത്തുന്ന പാല്‍ചുരം- കൊട്ടിയൂര്‍ റോഡ് നിരന്തരം അപകടങ്ങള്‍ക്കിടയാക്കിയിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. തികച്ചും അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച റോഡില്‍ വേണ്ടത്ര സിഗ്നല്‍ ബോര്‍ഡുകളോ സുരക്ഷാ മതിലുകളോ ഇനിയും നിര്‍മിച്ചിട്ടില്ല.
കേളകം, കൊട്ടിയൂര്‍ ഭാഗങ്ങളില്‍ നിന്നും ദിവസവും 200 ഓളം ടിപ്പറുകള്‍ ചെങ്കല്ല് കയറ്റി ഈ ചുരം കയറി ഇറങ്ങുന്നുണ്ട്. ഇതിന് പുറമെ ഇരിട്ടിയിലേക്കുള്ള നിരവധി കെ.എസ്.ആര്‍.ടി.സി ബസും ഇതിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത വിധം വീതി കുറഞ്ഞ ഭാഗങ്ങളാണ് റോഡില്‍ പലയിടത്തുമുള്ളത്. ചുരത്തില്‍ നാല് ഹെയര്‍പിന്‍ വളവുകളാണുള്ളതെങ്കിലും കുത്തനയുള്ള ഇറക്കത്തിലാണ് പലപ്പോഴും വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുന്നത്.
ഈ ഭാഗങ്ങളില്‍ സുരക്ഷാ മതിലുകള്‍ നിര്‍മിക്കണമെന്ന പ്രധാന ആവശ്യം പരിഗണിക്കാത്തതാണ് അപകടങ്ങള്‍ പതിവാകാന്‍ ഇടയാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് മംഗലാപുരം സ്വദേശി മരിച്ചിരുന്നു. അതിന് മുമ്പായി പോത്തുകളെയും കയറ്റി വന്ന ലോറിയും മറിഞ്ഞിരുന്നു. കൊക്കയിലേക്ക് വീണാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലത്തെത്തിപ്പെടണമെങ്കില്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണമെന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസസമാകുന്നുണ്ട്.
ഇന്നലെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരെ മൂന്ന് കിലോമീറ്ററുകളോളം ചുമലിലേറ്റിയാണ് വാഹനത്തിനടുത്തെത്തിച്ചത്. ചുരത്തില്‍ അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സ് എത്തുന്നത് മാനന്തവാടിയില്‍ നിന്നോ ഇരിട്ടിയില്‍ നിന്നോ ആണ്.
ഇവരെത്തിപ്പെടാന്‍ സമയം വൈകുന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."