റോ റോ സര്‍വീസ് ഇന്നുമുതല്‍; സമയക്രമത്തില്‍ തീരുമാനമായില്ല
കൊച്ചി: ഉദ്ഘാടന ദിവസം തന്നെ മുടങ്ങിയ ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ റൂട്ടിലെ റോ റോ സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച റോ റോ സര്‍വീസിന്റെ സമയക്രമം സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ലെന്നത് യാത്രക്കാരില്‍ ആശങ്കയുളവാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ സര്‍വീസ് പുനരാരംഭിക്കാനായിരുന്നു കഴിഞ്ഞദിവസം മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.
എന്നാല്‍ സര്‍വീസുകള്‍ ഏതൊക്കെ സമയത്താണ് നടത്തുന്നത് എന്നതിനെപ്പറ്റി ഇനിയും വ്യക്തതവന്നിട്ടില്ല.
ഒരു വെസല്‍ ദിവസം എട്ടുമണിക്കൂര്‍ സര്‍വീസ് നടത്തുമെന്നു മാത്രമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. രാവിലെ മുതല്‍ തുടര്‍ച്ചയായി എട്ടുമണിക്കൂറാണോ അതോ രാവിലെയും വൈകിട്ടുമുള്ള സമയങ്ങളില്‍ എട്ടുമണിക്കൂര്‍ സര്‍വീസ് നടത്തുമെന്നാണോ എന്നത് ഇനിയും വ്യക്തമല്ല. ദിവസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സര്‍വീസ് അന്നുതന്നെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ആവശ്യമായ അനുമതി ലഭിക്കാത്തതിനാലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്നായിരുന്നു കരാര്‍ ഏറ്റെടുത്ത കെ.എസ്.ഐ.എന്‍.സിയുടെ വിശദീകരണം. എന്നാല്‍ ഇതു ശരിയല്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാര്‍ കെ.എസ്.ഐ.എന്‍.സിക്ക് ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
റോ റോ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത ജനരോഷവും ഉയര്‍ന്നിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മേയറെ പ്രതിപക്ഷം തടഞ്ഞുവയ്ക്കുകയും ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയില്‍വരെ എത്തിയിരുന്നു. സമയം പുന:ക്രമീകരിച്ച് റോറോ സര്‍വീസ് പുന:രാരംഭിക്കാമെന്ന കെ.എസ്.ഐ.എന്‍.സി നിര്‍ദേശം കൊച്ചി നഗരസഭ അംഗീകരിച്ചതോടെയാണ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. ഉദ്ഘാടന ദിവസം റോ റോ ഓടിച്ച വിന്‍സെന്റ് തന്നെയായിരിക്കും ഇന്നത്തെയും സാരഥി. വേതന വര്‍ധനവ് നടപ്പാക്കിയാല്‍ 12 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ സന്നദ്ധനാണെന്ന് ഇദ്ദേഹം കോര്‍പറേഷന്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
അതേസമയം റോ റോ സര്‍വീസ് പൂര്‍ണമായും എപ്പോള്‍ നടത്തുമെന്ന് വ്യക്തത വരുത്തണമെന്ന് നഗരസഭ കെ.എസ്.ഐ.എന്‍.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ഐ.എന്‍.സി കൃത്യമായ തിയതി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് മേയര്‍ കത്തു നല്‍കിയിരിക്കുന്നത്. പരിചയസമ്പന്നരായ ജീവനക്കാരെ കണ്ടെത്താന്‍ ദേശീയതലത്തില്‍ ടെന്‍ഡര്‍ വിളിക്കണമെന്ന ആവശ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളും ഇനിയും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."