ആദിവാസികളുടെ വീട് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുകോടി
കല്‍പ്പറ്റ: ജില്ലയില്‍ പട്ടികവര്‍ഗ വകുപ്പ് ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനും പഴയ വീടുകളുടെ അറ്റകുറ്റപണി നടത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. വെള്ളിയാഴ്ചയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഐ.ടി.ഡി പ്രൊജക്ട് ഓഫിസര്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗവകുപ്പ് ഡയറക്ടര്‍ക്കും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
പട്ടികവര്‍ഗ വികസനവകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച വീടുകളില്‍ നിലവില്‍ വാസയോഗ്യമല്ലാത്തതും ഭാഗികമായി മാത്രം വാസയോഗ്യമായതുമായ വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് പരമാവധി ഒരു ലക്ഷം രുപയുടെ ധനസഹായമാണ് നല്‍കുക. ജില്ലയിലെ ആദിവാസി വീടുകളില്‍ പലതും കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്നതും തകര്‍ച്ച നേരിടുന്നതുമാണ്. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇത്തരം വീടുകളില്‍ താമസിക്കാന്‍ കഴിയില്ലെന്നും ഇവ വാസയോഗ്യമാക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു നല്‍കി തുക അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
ഐടിഡിപി ഓഫിസര്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്നും എസ്റ്റിമേറ്റ്, വാല്യുവേഷന്‍ എന്നിവ ലഭ്യമാക്കി നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."