കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നീലേശ്വരം നഗരസഭയില്‍ വിപുലമായ മുന്നൊരുക്കം
നീലേശ്വരം: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നീലേശ്വരം നഗരസഭയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍. നഗരസഭാ പരിധിയില്‍ വരുന്ന സ്ഥലങ്ങളെ നാലു മേഖലകളായി തിരിച്ച് ആ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തി ജനകീയ സഹകരണത്തോടെ കുടിവെള്ളമെത്തിക്കാനാണു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പൊതുഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലുമുള്ള കുടിവെള്ള സ്രോതസുകള്‍ കൗണ്‍സലര്‍മാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്നു കണ്ടെത്തും. ഈ സ്രോതസുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. ഉപയോഗ യോഗ്യമായ കിണറുകള്‍ ശുചീകരിക്കും.
ഔദ്യോഗിക സംവിധാനത്തോടൊപ്പം ജനപങ്കാളിത്തം ഉറപ്പുവരുത്തി കുടിവെള്ളക്ഷാമത്തെ അതിജീവിക്കാന്‍ നഗരസഭയ്ക്കകത്തു നാലു വ്യത്യസ്ത മേഖലകളിലായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ ഭാരവാഹികളെ പങ്കെടുപ്പിച്ച് 25നകം പ്രത്യേക യോഗങ്ങള്‍ ചേരും. പ്രദേശത്തെ വാര്‍ഡ് കൗണ്‍സലര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഇതു സംബന്ധിച്ചു നടന്ന ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി രാധ, ടി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ അഭിലാഷ്, വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ്, കെ ബാലകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി രാമചന്ദ്രന്‍, ജോണ്‍ ഐമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ.വി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."