നിര്‍മാണത്തിലെ അപാകത ഗുണ്ടികപറമ്പിലെ പാലം പൊളിച്ച് മാറ്റി
മാനന്തവാടി: നിര്‍മാണത്തിലെ അപാകതയും നാട്ടുകാരുടെ പ്രതിഷേധവും മൂലം പാലം പൊളിച്ചു നീക്കി. തിരുനെല്ലി ക്ഷേത്രം ആശ്രമം സ്കൂള്‍ റോഡിലെ ഗുണ്ടിക പറമ്പില്‍ അശാസ്ത്രീയമായി നിര്‍മിച്ച പാലമാണ് പൊളിച്ചത്. ഗ്രാമ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്.
ഒരു മാസം മുന്‍പ് നിര്‍മാണം ആരംഭിച്ചെങ്കിലും ഭീമുകള്‍ വാര്‍ത്തത് ശരിയായ രീതിയില്‍ സിമിന്റ് ചേര്‍ക്കാതെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയുമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ നാട്ടുകാര്‍ തട്ട് പൊളിച്ചതോടെയാണ് അപാകത ശ്രദ്ധയില്‍പ്പെട്ടത്.
ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയിരുന്നില്ല. ഇന്നലെ കരാറുകാരന് അപാകത മറയ്ക്കാന്‍ സിമെന്റ് തേക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രവൃത്തി തടയുകയായിരുന്നു.
തുടര്‍ന്ന് പഞ്ചായത്തില്‍ നിന്ന് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിന് തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശമിച്ചത്. കരാറുകാരനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."