ഒടുവില്‍ കലമുടച്ചു
വലന്‍സിയ: ലാലിഗയില്‍ തോല്‍വി അറിയാതെ ചാംപ്യന്‍മാരാകുക എന്ന ബാഴ്‌സലോണയുടെ മോഹം തല്ലിക്കെടുത്തി ലെവന്റെ. ലീഗില്‍ 15-ാം സ്ഥാനത്തുള്ള ടീമിനോടാണ് ബാഴ്‌സ പരാജയപ്പെട്ടത്. അഞ്ചിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ലെവന്റെയുടെ വിജയം.
ഒരു സമയത്ത് വലിയ തകര്‍ച്ചയിലേക്ക് ബാഴ്‌സലോണ പോകുന്നെന്ന് തോന്നിയെങ്കിലും ശക്തമായി തിരിച്ചു വന്ന് നാലു ഗോളുകള്‍ തിരിച്ചടിച്ചു. ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ കൃത്യസമയത്ത് ലെവന്റെ മുതലാക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കാനും ലെവന്റെക്കായി. പ്രതിരോധ നിരയില്‍ ഉംറ്റിറ്റി ഇല്ലാതിരുന്നതാണ് ബാഴ്‌സയുടെ പരാജയത്തിന് പ്രധാര കാരണമായത്. സൂപ്പര്‍ താരം മെസ്സിയുടെ അഭാവവും ടീമിനെ ബാധിച്ചു. ലെവന്റെയുടെ ഘാന താരം ഇമ്മാനുവേല്‍ ബോട്ടെങ് ഹാട്രിക് നേടി കളിയിലെ കേമനായി. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു താരം ബാഴ്‌സലോണക്കെതിരേ ഹാട്രിക് നേടുന്നത്.
2017 ഏപ്രില്‍ മുതല്‍ 400 ദിവസമാണ് ലാലിഗയില്‍ ബാഴ്‌സലോണ തോല്‍വി അറിയാതെ പിടിച്ചുനിന്നത്. 37 മത്സരങ്ങളില്‍ ഒരു തോല്‍വിയും 9 സമനിലയുമാണ് ബാഴ്‌സക്കുള്ളത്. ബാഴ്‌സലോണന്‍ മുന്നേറ്റ നിരയെ മുന്നില്‍നിന്ന് നയിച്ച ബ്രസീല്‍ താരം കുട്ടീഞ്ഞോ ബാഴ്‌സക്കായി ഹാട്രിക് ഗോളും സ്വന്തമാക്കി. പല സമയത്തും മെസ്സിയുടെ അഭാവം ടീമില്‍ മുഴച്ചു കണ്ടു. 9-ാം മിനുട്ടില്‍ തന്നെ ലെവന്റെക്കായി ബോട്ടെങ് ആദ്യ ഗോള്‍ നേടി. 30-ാം മിനുട്ടില്‍ രണ്ടാമതും ബോട്ടെങ് ലക്ഷ്യം കണ്ടു. 38-ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോ ഒരു ഗോള്‍ തിരിച്ചടിച്ച് കളിയിലേക്ക് തിരിച്ചു വന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെവന്റെയുടെ മൂന്നാം ഗോളും പിറന്നു. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ 56-ാം മിനുട്ടില്‍ ബാര്‍ദി വീണ്ടും ഗോള്‍ നേടി ബാഴ്‌സയെ ഞെട്ടിച്ചു. 59-ാം മിനുട്ടില്‍ കുട്ടീഞ്ഞ ഗോള്‍ തിരിച്ചടിച്ചു. 71-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി സുവാരസ് ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 5-3 എന്ന നിലയിലായി. വീറും വാശിയും നിറഞ്ഞ കളിയില്‍ ഇരുടീമുകളിലേയും 11 ഓളം താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."