നാദാപുരം മിനി സിവില്‍സ്റ്റേഷന്‍ 24ന് ഉദ്ഘാടനം ചെയ്യും
നാദാപുരം: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നടക്കുന്ന നാദാപുരം മിനി സിവില്‍സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനം വിവാദത്തില്‍. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കലിനെ ഉദ്ഘാടന പരിപാടിയിലേക്കുള്ള സ്വാഗത സംഘം രൂപീകരണ യോഗത്തിലേക്ക് ക്ഷണിക്കാതെ അപമാനിച്ചതായാണ് ലീഗ് കേന്ദ്രങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നത്.
ഇന്നലെ കെട്ടിടോദ്ഘാടനത്തിനുള്ള സ്വാഗതത സംഘം രൂപീകരണം പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ലീഗ് നേതാക്കളെല്ലാം പങ്കെടുക്കുകയുണ്ടായി. എം.കെ സഫീറ ചെയര്‍മാനും സി.പി.എം നേതാവ് വി.പി കുഞ്ഞികൃഷ്ണന്‍ കണ്‍വീനറും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷ്ണന്‍ ട്രഷറുമായി കമ്മിറ്റിക്കു രൂപം നല്‍കി.
24ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കെട്ടിടം നാദാപുരത്ത് നിന്നു മാറ്റി കല്ലാച്ചിയില്‍ സ്ഥാപിക്കുന്നത് ഏറെ വിവാദത്തിനിടയാക്കുകയും ഹൈക്കോടതിയില്‍ കേസാവുകയും ചെയ്തിരുന്നു. കോടതി കല്ലാച്ചിയില്‍ കെട്ടിടം പണിയാന്‍ അനുവാദം നല്‍കിയതോടെയാണ് സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങിയ സ്ഥലത്ത് പ്രവൃത്തി തുടങ്ങിയത്.
ഫയര്‍ എന്‍ജിന്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്നു വരാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന പൊതുമരാമത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന് പൊതുമരാമത്തു വകുപ്പ് അംഗീകാരം നല്‍കിയിരുന്നില്ല. ഇതോടെ ഉദ്ഘാടനം അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ മാസമാണ് അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത്. നാദാപുരത്തു പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫിസ്, ചേലക്കാട് പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫോഴ്‌സ് ഓഫിസ്, കല്ലാച്ചിയിലുള്ള ട്രഷറി, ഇലക്ട്രിസിറ്റി ഓഫിസ്, നാദാപുരം എ.ഇ.ഒ ഓഫിസ് എന്നിവ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."