ടാര്‍ വീപ്പകള്‍ സാമൂഹിക വിരുദ്ധര്‍ മറിച്ചിട്ടു; പി.ഡബ്ല്യൂ.ഡിക്ക് വന്‍നഷ്ടം
തൊടുപുഴ: നഗരത്തില്‍ മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ ബൈപ്പാസില്‍ പെരുമ്പിള്ളിച്ചിറ റോഡ് ജങ്ഷനില്‍ നാല് ടാര്‍ വീപ്പകള്‍ മറിച്ചിട്ട നിലയില്‍.
നാലുവീപ്പകളിലെയും ടാര്‍ റോഡില്‍ ഒഴുകി നശിച്ചതോടെ പിഡബ്ല്യൂഡിക്ക് വന്‍ നഷ്ടമാണുണ്ടായത്. ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടയ്ക്കു സമീപമാണ് റോഡ് നിര്‍മിച്ച ശേഷം ബാക്കി വന്ന നാല് വീപ്പ ടാര്‍ സൂക്ഷിച്ചിരുന്നത്. നാളുകളായിട്ടും ടാര്‍ വീപ്പകള്‍ എടുത്തുമാറ്റാന്‍ പിഡബ്ല്യൂഡി അധികൃതര്‍ തയ്യാറാവാതിരുന്നതാണ് പൊതുഖജനാവിന് ആയിരക്കണക്കിനു രൂപയുടെ നഷ്ടം വരുത്താന്‍ ഇടയാക്കിയത്. ടാര്‍ വീപ്പ സൂക്ഷിച്ച റോഡരികിനു പിന്നിലെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.
ഇവിടെയുള്ള ഗേറ്റിനോട് ചേര്‍ത്താണ് വീപ്പകള്‍ വച്ചിരുന്നത്. അതേസമയം, ബന്ധപ്പെട്ട അധികാരികള്‍ ടാര്‍ റോഡില്‍ ഒഴുകി നശിച്ച വിവരം അറിഞ്ഞ മട്ടില്ല. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണം നടത്താന്‍ പോലും ആരും എത്തിയിട്ടില്ല. രാത്രിയില്‍ മറിച്ചിട്ട വീപ്പയില്‍ നിന്ന് കനത്ത ചൂടില്‍ ടാര്‍ ഉരുകി റോഡരികില്‍ ഒഴുകിപ്പരക്കുകയായിരുന്നു. മേഖലയില്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുകയും അതിക്രമങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന ആക്ഷേപം നേരത്തെയുള്ളതാണ്. ഇതിനിടെയാണ് ടാര്‍ വീപ്പകള്‍ മറിച്ചിട്ടതും. ടാര്‍ വീപ്പകള്‍ മറിച്ചിട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇവിടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ തുടരുന്നവരെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."