പൂച്ചയോട് ക്രൂരതകാട്ടിയവര്‍ക്ക് മൃഗശാല വൃത്തിയാക്കല്‍ ശിക്ഷ
ദുബൈ: വീട്ടില്‍ സൂക്ഷിച്ച കോഴിയിറച്ചി ഭക്ഷിച്ച പൂച്ചയെ വിശന്നുവലഞ്ഞ നായ്ക്കള്‍ക്ക് ജീവനോടെ എറിഞ്ഞു കൊടുത്ത പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ശിക്ഷ വിധിച്ചത്. മൂന്നു പേരെ കേസുമായി ബന്ധപ്പെട്ട് ദുബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നു മാസം ദുബൈ മൃഗശാല വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശം.
പൂച്ചയെ നായകള്‍ക്ക് എറിഞ്ഞുകൊടുത്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ. മൃഗങ്ങളോട് ദയകാണിക്കണമെന്നാണ് ഇസ്‌ലാമിക വിശ്വാസം. അത് ലംഘിക്കുകയും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും എതിരേ പ്രതികള്‍ പ്രവര്‍ത്തിച്ചു എന്നാണ് കുറ്റം. യു.എ.ഇ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 432 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തത്. ആയിരം ദിര്‍ഹം പിഴയും വിധിച്ചു.
മൂന്നുമാസം എല്ലാ ദിവസവും നാലുമണിക്കൂര്‍ വീതമാണ് ഇവര്‍ മൃഗശാല വൃത്തിയാക്കേണ്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് മഴ പെയ്യുന്നസമയം നടുറോഡില്‍ അപകടകരമായ രീതിയില്‍ ബൈക്ക് അഭ്യാസം നടത്തിയ 17കാരനെയും ശൈഖ് മുഹമ്മദ് ശിക്ഷിച്ചിരുന്നു. ഒരു മാസത്തോളം എല്ലാദിവസവും നാലു മണിക്കൂര്‍ വീതം റോഡ് വൃത്തിയാക്കാനായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."