ലാവ്‌ലിന്‍ കേസ്: സി.ബി.ഐ കുറ്റപത്രം കെട്ടുകഥയാണെന്ന് ഹരീഷ് സാല്‍വെ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി സി.ബി.ഐ നല്‍കിയ കുറ്റപത്രം ഭാവനാ സമ്പൂര്‍ണമായ കെട്ടുകഥയാണെന്നും പ്രോസിക്യൂഷന്‍ പറയുന്നതുപോലെ കേസുണ്ടായിരുന്നെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് കേസില്‍ ഒന്നാം പ്രതിയാകേണ്ടിയിരുന്നതെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് കേസിലെ ഏഴാം പ്രതിയായിരുന്ന പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വെ ഹാജരായത്. സാല്‍വേയുടെ വാദം പൂര്‍ത്തിയായതോടെ സിംഗിള്‍ ബെഞ്ച് ഹരജി 27ന് വീണ്ടും പരിഗണിക്കും.
കുറ്റപത്രത്തിലൊരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായി പറയുന്നില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനായി ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടുവെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ കെട്ടുകഥയാണ്. 1994-1996 കാലഘട്ടത്തില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെയാണ് ജലവൈദ്യുത പദ്ധതികളുടെ നവീകരണം അനിവാര്യമായത്. ജി. കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രിയായിരിക്കെ 1995ലാണ് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി എസ്.എന്‍.സി ലാവ്‌ലിനുമായി യഥാര്‍ഥ കരാറുണ്ടാക്കിയത്. കാര്‍ത്തികേയന്റെ നടപടിയില്‍ സി.ബി.ഐയ്ക്കു പരാതിയില്ല, ക്രമക്കേട് ആരോപണവുമില്ല. 1995 ഓഗസ്റ്റ് പത്തിന് ധാരണാപത്രവും 1996 ഫെബ്രുവരി 24ന് കരാറും ഒപ്പുവച്ചു. കരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് വി. രാജഗോപാലനായിരുന്നു കെ.എസ്.ഇ.ബിയുടെ ചെയര്‍മാന്‍. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കു സമാനമായ ഈ കരാര്‍ ഒപ്പുവയ്ക്കുകയാണ് വേണ്ടതെന്ന് രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. നവീകരണ പദ്ധതിയുടെ പൂര്‍ണ ഉത്തരവാദിത്തം ചെയര്‍മാനാണെന്നിരിക്കെ ഇക്കാര്യം മറച്ചുവച്ച് അദ്ദേഹത്തെയും സി.ബി.ഐ കേസില്‍ നിന്നൊഴിവാക്കി. ലാവ്‌ലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ശരിയല്ല. നിര്‍മാണ കരാര്‍ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറില്‍ സാധ്യമല്ല. കുറ്റപത്രത്തില്‍ എവിടെയും കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിനായി സാധ്യതാ റിപ്പോര്‍ട്ടും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും തയാറാക്കിയില്ലെന്ന സി.ബി.ഐയുടെ കണ്ടെത്തലും കളവാണ്.
പിന്നീടു സര്‍ക്കാര്‍ മാറിയതോടെ 1996 ഒക്ടോബറിലാണ് വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കാനഡ സന്ദര്‍ശിച്ചത്. കനേഡിയന്‍ ഏജന്‍സികളായ കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (സിഡ), എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കാനഡ ( ഇ.ഡി.സി) എന്നിവയുമായി പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുന്ന കാര്യം ഉയര്‍ന്നുവന്നത്. സാമൂഹ്യ നവീകരണത്തിന്റെ ഭാഗമായുള്ള കാരുണ്യ പദ്ധതി എന്ന നിലയിലാണ് ഫണ്ട് നല്‍കാന്‍ ഏജന്‍സി തയാറായത്. ഇതു കെ.എസ്.ഇ.ബിയുമായി ലാവ്‌ലിനുണ്ടാക്കിയ വാണിജ്യ കരാറിന്റെ ഭാഗമല്ല. പിണറായി വിജയനും സംഘവും കാനഡ സന്ദര്‍ശിക്കുന്നതുവരെ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഫണ്ട് എന്ന ആശയം ഉണ്ടായിരുന്നില്ല.
ഇതിന്റെ ധാരണാപത്രം 1998 ഏപ്രില്‍ 28നാണ് സംസ്ഥാന സര്‍ക്കാരും ലാവ്‌ലിനുമായി ഒപ്പുവച്ചത്. 1998 ഒക്ടോബര്‍ 19ന് പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതുവരെ ഈ ധാരണാപത്രം നിലവിലുണ്ടായിരുന്നു. പീന്നീട് ഇതിന്മേല്‍ കരാര്‍ ഉണ്ടാക്കാനുള്ള തുടര്‍ നടപടിയുണ്ടായില്ല. പിണറായി വിജയന്‍ മന്ത്രിയാകുന്നതിനു മുന്‍പുതന്നെ ലാവ്‌ലിന്‍ കരാര്‍ നിലവിലുണ്ട്. ഇതിന്മേല്‍ കനേഡിയന്‍ ഏജന്‍സികളുടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പിണറായി ചര്‍ച്ചകളിലൂടെ നേടിയെടുത്തത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ പലതും മറച്ചുവച്ചാണ് സി.ബി.ഐ കേസ് തയാറാക്കിയത്.
പിണറായി ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാനാണ് കാനഡയില്‍ പോയതെന്ന് രേഖകളില്‍ വ്യക്തമാണ്. ഇതിനെ ഗൂഢാലോചനയായി കാണാന്‍ കഴിയില്ല.
ഗൂഢാലോചനയ്ക്കു പോകുന്നവര്‍ എന്തിനാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്? ലോകബാങ്കിന്റെ സഹായം നവീകരണ പദ്ധതിക്ക് ലഭിക്കില്ലെന്നു കണ്ടാണ് കനേഡിയന്‍ ഏജന്‍സികളുടെ സഹായം തേടിയത്. ഇന്ത്യന്‍ ഉപകരണങ്ങള്‍ നവീകരണത്തിനായി വാങ്ങാന്‍ പണമില്ലെന്ന സ്ഥിതിയില്‍ കനേഡിയന്‍ കമ്പനിയുടെ ഉപകരണങ്ങള്‍ അവരുടെ ധനസഹായത്തോടെ വാങ്ങുകയെന്ന നിലപാടാണ് സ്വീകരിച്ചത്. ഭെല്ലില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ പണം ആരു നല്‍കുമെന്ന പ്രശ്‌നമാണ് ഉണ്ടായിരുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായം സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കാരുണ്യ പദ്ധതിയാണ്.
1995 ല്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നവീകരണ പദ്ധതിയില്‍ 1996 ല്‍ മന്ത്രിയായ വ്യക്തി എങ്ങനെയാണ് പ്രതിയാവുകയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."