തൊടുപുഴയില്‍ വീണ്ടും ഗതാഗത പരിഷ്‌ക്കാരം
തൊടുപുഴ: നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരം പുനര്‍ക്രമീകരിക്കാന്‍ ഗതാഗത ഉപദേശക സമിതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ തീരുമാനം.
പുതിയ തീരുമാന പ്രകാരം തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ- കെ.എസ്.ആര്‍.ടി.സി ബസുകള്‍ മൂവാറ്റുപുഴയില്‍ നിന്നും ആനക്കൂട് കവല വഴി പ്രസ് ക്ലബിന് മുന്‍പിലൂടെ സിവില്‍ സ്റ്റേഷന്‍ ജങ്ഷനിലെത്തി ജിനദേവന്‍ റോഡു വഴി കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിലൂടെ വിമലാലയം റോഡുവഴി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെത്തണം. ഇവിടെ നിന്നും തിരികെ വിമലാലയം റോഡു വഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡിലെത്തണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയാല്‍ മതി.
മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടയുള്ള എല്ലാ ദീര്‍ഘ ദൂര ബസുകളും വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെത്തണം. തുടര്‍ന്നു സ്വകാര്യ ബസുകള്‍ വിമലാലയം റോഡു വഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തണം. കെഎസ്ആര്‍ടിസി ബസുകള്‍ മങ്ങാട്ടുകവലയില്‍ നിന്നും വിമലാലയം റോഡു വഴി കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിലെത്തി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മറ്റു കാര്യങ്ങളില്‍ അടുത്ത മാസം ചേരുന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനം എടുക്കാനും ധാരണയായി.
മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവല മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തി മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട് ജങ്ഷനിലെത്തി ജിനദേവന്‍ റോഡുവഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് സ്റ്റാന്‍ഡിലെത്താനായിരുന്നു കഴിഞ്ഞ ആറിനു ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാകാര്യ ബസുകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനത്തെ അനുകൂലിച്ചു പ്രതികൂലിച്ചും പലരും യോഗത്തില്‍ രംഗത്തെത്തിയിരുന്നു. വാശി പിടിച്ചും വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും യോഗ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഉചിതമാകുകയില്ലെന്നു യോഗത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി ടി. ആര്‍ സോമന്‍ വ്യക്തമാക്കി. കഴിഞ്ഞ യോഗത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സഞ്ജു വ്യക്തമാക്കി. നഗരത്തില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരം ഗുണകരമാണെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് യോഗത്തില്‍ പ്രതികരിച്ചത്. ഒരു രാത്രി കൊണ്ടല്ല തീരുമാനം നടപ്പാക്കിയത്. മറിച്ച് 2015 ലെ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദേശമായിരുന്നു. ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്.
കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന ബസുകള്‍ ഇപ്പോഴും നഗരം ചുറ്റുന്ന സാഹചര്യമുണ്ട്. നിരവധി ബൈപാസുകളുള്ള തൊടുപുഴയില്‍ ഇവ ഉപയോഗപ്പെടുത്താന്‍ കഴിയണം. അപാകതകളുണ്ടെങ്കില്‍ അതുപരിഹരിച്ച് വേണം മുന്നോട്ടുപോകാനെന്നും ജാഫര്‍ഖാന്‍ ചൂണ്ടിക്കാട്ടി. എടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി പി.പി ജോയി ആരോപിച്ചു.
മുന്‍ പരിഷ്‌കാരം ഗുണം ചെയ്തതായും ബസ് ജീവനക്കാര്‍ തടസം ഉന്നയിച്ച സാഹചര്യത്തില്‍ സമവായത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ട്രാക് പ്രസിഡന്റ് എം.സി മാത്യൂ പറഞ്ഞു. മാര്‍ക്കറ്റ് റോഡിലെ കയറ്റിറക്ക് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് മുന്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ വ്യക്തമാക്കി. ഒരു നിയമവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ചെത്തിയ കെ.എം ബാബു പറഞ്ഞു.
മാര്‍ക്കറ്റ് റോഡിലൂടെ മുഴുവന്‍ വാഹനങ്ങളും തിരിച്ചു വിടുന്നതു വലിയ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപാരി വ്യവസായി പ്രതിനിധി ആര്‍ രമേശ് ചൂണ്ടിക്കാട്ടി. മങ്ങാട്ട്കവലയ്ക്ക് പോകുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തൂഫാന്‍ തോമസും പ്രതികരിച്ചു.
നിര്‍ദിഷ്ട തീരുമാനത്തെ അനുകൂലിച്ച് കൗണ്‍സിലര്‍ ആര്‍.ഹരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് സമവായം ഉണ്ടാക്കാന്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിനിധികളുടെ ഒരു സബ് കമ്മറ്റി യോഗം ചേര്‍ന്നുതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ഇതു നടപ്പാക്കാത്ത സാഹചര്യത്തില്‍ അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കാനും ധാരണയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."