പശ്ചിമഘട്ടം: എ.കെ ആന്റണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സീറോ മലബാര്‍ സഭ
കോഴിക്കോട്: പശ്ചിമഘട്ട പരിസ്ഥിതിലോല വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ.
കേന്ദ്രമന്ത്രിയായിരിക്കെ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോലപ്രദേശമാക്കാന്‍ നേതൃത്വം നല്‍കിയ എ.കെ ആന്‍ണി ഇപ്പോള്‍ ഈ വിഷയത്തില്‍ സമരം നടത്തുന്നത്് അവസരവാദപരമാണെന്ന് സഭയുടെ മുഖപ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിന്റെ മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനമുള്ളത്.
സംസ്ഥാനത്തെ 123 വില്ലേജുകളെ പശ്ചിമഘട്ട ലോല പ്രദേശമാക്കിയത് ആന്റണിയുള്‍പ്പെടുന്ന യു.പി.എ സര്‍ക്കാരായിരുന്നു. ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് ആദര്‍ശപരമല്ല. മന്ത്രിമാര്‍ പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കരടുവിജ്ഞാപനമിറക്കാന്‍ മടിച്ചുവെന്ന ആന്റണിയുടെ പ്രസ്താവന നട്ടെല്ലില്ലാത്തവന്റെ രോദനമാണെന്നും മുഖപ്രസംഗം തുറന്നടിക്കുന്നു.
പശ്ചിമഘട്ടമൊന്നാകെ പരിസ്ഥിതി ലോലമാക്കി ലോകപൈതൃക പട്ടികയില്‍ കൊണ്ടുവരുന്നതിനായി 2006ല്‍ അപേക്ഷ നല്‍കിയത് യു.പി.എ സര്‍ക്കാരായിരുന്നു.
ലോക പൈതൃകസമിതി അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും തോട്ടങ്ങളും ഡാമുകളുമുണ്ടെന്ന കാര്യം പറഞ്ഞ് തള്ളിയപ്പോള്‍ 2009ല്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ പഠനം നടത്തി ഓരോസ്ഥലവും ഓരോ കാടിനുള്ളിലാണെന്നുസ്ഥാപിച്ചാണ് യു.പി.എ സര്‍ക്കാര്‍ അംഗീകാരം നേടിയെടുത്തത്.
2010 മാര്‍ച്ച് നാലിന് ഗാഡ്ഗില്‍ സമിതി രൂപീകരിച്ചത് ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് എട്ടുപേര്‍ മന്ത്രിസഭയില്‍ ഉള്ളപ്പോഴാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പൈതൃക പദവി ലഭിച്ചപ്പോള്‍ മലയോരത്തു നിന്നും ഉയര്‍ന്ന പ്രതിഷേധത്തിന്റെയടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതും യു.പി.എ സര്‍ക്കാരായിരുന്നു.
അധികാരത്തിലിരുന്ന നാളുകളില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലമാക്കി വിദേശസാമ്പത്തിക ഏജന്‍സിക്കും ലോക പൈതൃക സമിതിക്കും തീറെഴുതികൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കിയവരും ഇതിനു കൂട്ടുനിന്നവരും ഇപ്പോള്‍ ഈ ജനതയുടെ സംരക്ഷകരായി അവതരിക്കുന്നത് അപഹാസ്യമാണ്.
2015 സെപ്റ്റംബര്‍ നാലിനിറക്കിയ രണ്ടാമത്തെ കടരുവിജ്ഞാപനത്തില്‍ നിന്ന് വ്യത്യാസമില്ലാതെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇറക്കിയ പുനര്‍വിജ്ഞാപനമെന്നും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇ.എസ്.എ പരിധിയില്‍ നിന്നും ഒഴിവാക്കി ഉടന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തില്‍ ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."